സ്വന്തം ലേഖകൻ: ബഹ്‌റൈനിൽ ജോലി ചെയ്യുന്ന പ്രവാസികൾ സ്വദേശങ്ങളിലേക്ക് അയ്ക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്തണമെന്ന നിർദേശത്തിൽ ഉറച്ചുനിൽക്കുന്നതായി ബഹ്‌റൈൻ പാർലമെന്‍റിലെ ധന, സാമ്പത്തികകാര്യ കമ്മിറ്റി വ്യക്തമാക്കി. പ്രവാസികൾക്ക് നികുതി ബാധകമാക്കണമെന്ന ധന, സാമ്പത്തികകാര്യ കമ്മിറ്റി നിർദേശം ബഹ്‌റൈൻ പാർലമെന്‍റ് നേരത്തെ തള്ളിയിരുന്നു.
പ്രവാസികൾ അയ്ക്കുന്ന പണത്തിന് നികുതി ബാധകമാക്കാൻ ആവശ്യപ്പെടുന്ന കരടു നിയമം അംഗീകരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ധന, സാമ്പത്തികകാര്യ കമ്മിറ്റി വ്യക്തമാക്കി. ഇതോടെ കരടു നിയമത്തിൽ വീണ്ടും പാർലമെന്‍റിൽ ചർച്ചയും വോട്ടെടുപ്പും നടക്കും. അടുത്ത ചൊവ്വാഴ്ച കരടു നിയമത്തിൽ വോട്ടെടുപ്പ് നടക്കുമെന്നാണ് വിവരം.
ബഹ്‌റൈനിലെ പ്രവാസികൾ രാജ്യത്തിനു പുറത്തേക്ക് അയ്ക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ബാധകമാക്കണമെന്നാണ് കരടു നിയമം ആവശ്യപ്പെടുന്നത്. പ്രവാസികൾ സമ്പാദിക്കുന്ന മുഴുവൻ പണവും വിദേശത്തേക്ക് അയ്ക്കാതിരിക്കാനും ഈ പണത്തിൽ നല്ലൊരു ഭാഗം ബഹ്‌റൈൻ സമ്പദ്‌വ്യവസ്ഥയിൽ തന്നെ ക്രയവിക്രയം ചെയ്യാനും പ്രോത്സാഹിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് കൂടുതൽ സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള അടിയന്തിര പരിഹാരങ്ങൾ കണ്ടെത്താനും പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തി ദേശീയ വരുമാനം വർധിപ്പിക്കാനും രാജ്യത്തിന്‍റെ വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.
നിലവിൽ ഒരു ഗൾഫ് രാജ്യങ്ങളിലും പ്രവാസികൾ സമ്പാദിക്കുകയും അയ്ക്കുകയും ചെയ്യുന്ന പണത്തിന് നികുതി ബാധകമല്ല. പ്രവാസികളെ സംബന്ധിച്ചിടത്തോളം അമേരിക്കയെയും യൂറോപ്യൻ രാജ്യങ്ങളെയും അപേക്ഷിച്ച് ഗൾഫ് രാജ്യങ്ങളുടെ പ്രധാന ആകർഷണീയതയും ഇതാണ്. തീരുമാനം നടപ്പായാൽ മലയാളികൾക്കും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല