സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍ ബിഎഡ് സര്‍ട്ടിഫിക്കറ്റ് പരിശോധനയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി അധ്യാപിക അടക്കമുള്ളവര്‍ മോചിതരായി. ഇന്ത്യന്‍ എംബസിയുടെയും മന്ത്രാലയങ്ങളുടെയും ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. അറസ്റ്റ് ചെയ്യപ്പെട്ട അധ്യാപകര്‍ക്കെതിരെ കേസുകള്‍ ഉണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അധ്യാപകരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിക്കുന്നതിന് ബഹ്‌റൈന്‍ മന്ത്രാലയം നിര്‍ദേശിക്കപ്പെട്ട പരിശോധനാ സംവിധാനമായ ക്വാഡ്രാബേയില്‍ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇതനുസരിച്ച് അധ്യാപകര്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചപ്പോള്‍ പലരുടെയും സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന റിപ്പോര്‍ട്ട് വന്നതാണ് നിയമനടപടികള്‍ക്ക് ഇടയാക്കിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അംഗീകാരമുള്ള അക്കാദമി വഴി കറസ്‌പോണ്ടന്‍സ് ആയി നേടിയ സര്‍ട്ടിഫിക്കറ്റ് അംഗീകാരമില്ലാത്തതാണെന്ന് കണ്ടെത്തി വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ഗണത്തില്‍പ്പെടുത്തുകയായിരുന്നു. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച നിരവധി അധ്യാപകരെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റ് ചെയ്യുകയുണ്ടായി.
സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്ഥാപനങ്ങളെ പിന്നീട് ചില രാജ്യങ്ങള്‍ അംഗീകാരമില്ലാത്തവയുടെ പട്ടികയില്‍പ്പെടുത്തുകയായിരുന്നുവെന്നും വര്‍ഷങ്ങളായി ജോലിചെയ്തുവരുന്ന അധ്യാപകര്‍ നിരപരാധികളാണെന്നും ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയത്തെ ബോധ്യപ്പെടുത്തിയതോടെയാണ് മോചനം സാധ്യമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല