സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം ബഹ്റൈന്‍ പാര്‍ലമെന്റ് പാസാക്കി.
ഇതുപ്രകാരം പ്രവാസികള്‍ക്ക് ബിരുദാനന്തര ബിരുദവും അതത് മേഖലകളില്‍ കുറഞ്ഞത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടെങ്കില്‍ മാത്രമേ പൊതുമേഖലാ ജോലിക്ക് പ്രവാസികളെ പരിഗണിക്കുകയുള്ളൂ. എന്നു മാത്രമല്ല, പ്രവാസി ജീവനക്കാര്‍ക്കുള്ള കരാറുകള്‍ രണ്ട് വര്‍ഷത്തേക്ക് മാത്രമേ പാടുള്ളൂ എന്നും പുതിയ നിയമം അനുശാസിക്കുന്നു. കരാര്‍ പുതുക്കണമെങ്കില്‍ സിവില്‍ സര്‍വീസ് ബ്യൂറോയുടെ അംഗീകാരം നേടണമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രവാസികളെ നിയമിക്കുന്നതിന് ഉയര്‍ന്ന യോഗ്യതകളും കരാര്‍ പരിധികളും നിശ്ചയിക്കുന്നതിലൂടെ, ബഹ്റൈനികള്‍ക്ക് സര്‍ക്കാര്‍ ജോലി അവസരങ്ങളില്‍ മുന്‍ഗണന ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നിയമനിര്‍മ്മാണം ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ജോലികളില്‍ നിയമിക്കപ്പെടുന്ന പ്രവാസികള്‍ കരാര്‍ കാലാവധിയായ രണ്ട് വര്‍ഷത്തിനകം ഒരു സ്വദേശി ജീവനക്കാരെ തങ്ങള്‍ ചെയ്യുന്ന ജോലിയില്‍ പരിശീലനം നല്‍കി തൊഴില്‍ സജ്ജരാക്കണമെന്നും നിയമത്തില്‍ പറയുന്നു.
രാജ്യത്ത് നടക്കുന്ന സ്വദേശിവല്‍ക്കരണ ശ്രമങ്ങളുടെ ഭാഗമായി പൊതുമേഖലയിലെ പ്രവാസി ജീവനക്കാരുടെ എണ്ണം 17 ശതമാനം കുറഞ്ഞതായി പാര്‍ലമെന്ററി കാര്യ മന്ത്രി ഗാനിം അല്‍ ബുവൈനൈന്‍ അറിയിച്ചു. നിലവിലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 5,800 പ്രവാസികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.
അതേസമയം, പ്രവാസികള്‍ക്ക് ബിരുദാനന്തര ബിരുദം യോഗ്യതയായി നിശ്ചയിച്ച തീരുമാനം ഒറ്റയടിക്ക് നടപ്പാക്കാനാവുമോ എന്ന കാര്യത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. നിലവില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. ബഹ്റൈന്‍ അപേക്ഷകര്‍ മുന്നോട്ട് വരാത്തതിനാല്‍ പൊതുമേഖലയിലെ 28 തസ്തികകള്‍ നിലവില്‍ നികത്തപ്പെടാതെ കിടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹ്റൈനികളുടെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാനും ഭാവിയിലെ പൊതുമേഖലാ സ്ഥാനങ്ങള്‍ക്കായി അവരെ സജ്ജരാക്കാനും ഈ നിയമം ഗുണകരമാവുമെങ്കിലും ഇക്കാര്യത്തില്‍ കടുപിടുത്തം പിടിക്കുന്നത് തൊഴില്‍ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ കാരണമാവുമെന്ന് ചില പാര്‍ലമെന്റ് അംഗങ്ങളും ആശങ്ക പ്രകടിപ്പിച്ചു. ആവശ്യത്തിന് സ്വദേശി ഉദ്യോഗാര്‍ഥികള്‍ ഇല്ലാത്ത മേഖലകളില്‍ താല്‍ക്കാലികമായി ഈ നിയമത്തില്‍ ഇളവ് നല്‍കി പ്രവാസികളെ നിയമിക്കുന്നതിന് അവസരം ഉണ്ടാവണമെന്നാണ് അവരുടെ പക്ഷം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല