1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2024

സ്വന്തം ലേഖകൻ: ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. പുതിയ വീസ എടുക്കാനും പഴയത് പുതുക്കാനും മറ്റുമുള്ള മെഡിക്കല്‍ ടെസ്റ്റ് എടുക്കാന്‍ ഇനി സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളെ തന്നെ ആശ്രയിക്കേണ്ടതില്ല. പകരം രാജ്യത്തെ സ്വകാര്യ മെഡജിക്കല്‍ സെന്ററുകളിലും പ്രവാസികള്‍ക്ക് മെഡിക്കല്‍ ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് നേടാം.

പ്രവാസികള്‍ക്ക് ആവശ്യമായ ടെസ്റ്റുകള്‍ നടത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഈ 52 സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിക്കൊണ്ട് മന്ത്രാലയം ഉത്തരവിട്ടതായി മന്ത്രാലയം അധികൃതര്‍ അറിയിച്ചു. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയോജനകരമായ തീരുമാനമാണിത്. ഇനി അകലങ്ങളിലുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചെന്ന് കാത്തുകെട്ടിക്കിടക്കാതെ തൊട്ടടുത്തുള്ള അംഗീകൃത സ്വകാര്യ ക്ലിനിക്കുകളില്‍ നിന്ന് ആവശ്യമായ പരിശോധനകള്‍ നടത്തിയ ശേഷം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാം.

രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ആരോഗ്യ മന്ത്രാലയം വിളിച്ചുചേര്‍ത്ത വര്‍ക്ക്‌ഷോപ്പില്‍ വച്ചാണ് പുതിയ നയംമാറ്റത്തിന്റെ കാര്യം മന്ത്രാലയം അധികൃതര്‍ പ്രഖ്യാപിച്ചത്. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി, ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ ഗവേണന്‍സ് അതോറിറ്റി, നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തു. സര്‍ക്കാരും സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ യോഗം ചര്‍ച്ച ചെയ്തു.

സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് നിയമപരമായി ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ നടത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇതിനകം തയ്യാറാക്കിയതായി ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കല്‍ കമ്മിറ്റി തലവന്‍ ഡോ. ആയിഷ ഹുസൈന്‍ അറിയിച്ചു.

ഈ ആരോഗ്യ കന്ദ്രങ്ങളെ ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെയുള്ളവയുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കുന്നതിനുള്ള നടപടിയും പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നടന്ന ശില്‍പശാലയില്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് സ്വകാര്യ ക്ലിനിക്കുകള്‍ പാലിക്കേണ്ട നിയമങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. 52 സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള 250ലേറെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.