സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ പൗരന്മാർക്കും താമസക്കാർക്കുമായി പതിനൊന്ന് പുതിയ സേവനങ്ങൾ വികസിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ദേശീയത, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്സ് (എൻപിആർഎ) അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ അറിയിച്ചു. 24 സർക്കാർ സ്ഥാപനങ്ങളിൽ 500 സേവനങ്ങൾ വികസിപ്പിക്കാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരമാണ് പുതിയ സേവനങ്ങൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ അധ്യക്ഷനായ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജിക്കുള്ള മന്ത്രിതല സമിതിയുമായുള്ള എൻപിആർഎയുടെ സഹകരണം ഷെയ്ഖ് ഹിഷാം എടുത്തുപറഞ്ഞു. ഈ പങ്കാളിത്തത്തിലൂടെ, പൗരന്മാർക്കും താമസക്കാർക്കുമായി 9 പുതിയ സേവനങ്ങളാണ് വികസിപ്പിച്ചിട്ടുള്ളത്, നിലവിൽ രണ്ട് അധിക സേവനങ്ങൾ പുരോഗമിക്കുന്നു.
നടപടിക്രമങ്ങൾ ലളിതമാക്കുക, പൂർണമായും ഇലക്‌ട്രോണിക് സേവനത്തിലേക്കു മാറുക, സേവന നിലവാരം, കാര്യക്ഷമത, സാമ്പത്തിക വളർച്ചയ്ക്കുള്ള സംഭാവന എന്നിവ മെച്ചപ്പെടുത്തുന്നതിലാണ് പുതിയ സംരംഭം ഊന്നൽ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഷ്‌ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്ത പാസ്പോർട്ടുകൾക്ക് പകരം പാസ്‌പോർട്ട് നൽകൽ, ബഹ്‌റൈനിലെ പാസ്‌പോർട്ട് ഡെലിവറി, അടിയന്തര യാത്രാ രേഖകൾ, വേഗത്തിലുള്ള പാസ്‌പോർട്ട് മാറ്റിസ്ഥാപിക്കൽ, രാജ്യത്തിന് പുറത്തുള്ളവർക്ക് പകരം പാസ്‌പോർട്ട് എന്നിവ പുതിയ സേവനങ്ങളിൽ ഉൾപ്പെടുന്നു.
പെർമിറ്റ് കാലഹരണപ്പെട്ട താമസക്കാർക്ക് ഗ്രേസ് പിരീഡുകൾ നൽകുന്നതിനൊപ്പം റെസിഡൻസി പെർമിറ്റുകൾ നൽകുന്നതിലും പുതുക്കുന്നതിലും മികച്ച രീതികളാണ് ഏർപ്പെടുത്തിയിട്ടുള്ളത് എന്നും ഷെയ്ഖ് ഹിഷാം പറഞ്ഞു.100 ശതമാനം ഇലക്ട്രോണിക് സേവനങ്ങൾ കൈവരിക്കുക, ആവശ്യമായ രേഖകൾ 50 ശതമാനം കുറയ്ക്കുക, ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് ആപ്ലിക്കേഷൻ പ്രക്രിയകൾ ലളിതമാക്കുക എന്നിവയാണ് എൻപിആർഎയുടെ ലക്ഷ്യമെന്ന് ഷെയ്ഖ് ഹിഷാം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല