സ്വന്തം ലേഖകൻ: പ്രവാസികൾ സ്വമേധയാ രാജ്യം വിടുകയോ അവരെ നാടുകടത്തുകയോ ചെയ്യുന്നതിനുമുമ്പ് ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ പണം കുടിശ്ശികയില്ലെന്ന പ്രഖ്യാപനം ഹാജരാക്കേണ്ടി വന്നേക്കും. 2006ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമം ഇത്തരത്തിൽ ഭേദഗതി ചെയ്യണമെന്നാണ് പാർലമെന്റിലെ ചർച്ചയിൽ എം.പിമാർ അഹമ്മദ് ഖറാത്ത എം.പിയുടെ നേതൃത്വത്തിൽ ആവശ്യപ്പെട്ടത്.
പ്രവാസി തൊഴിലുടമകളും ജീവനക്കാരും അവർ രാജ്യം വിടുന്നതിനുമുമ്പ് സാമ്പത്തിക ബാധ്യത ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നാണ് ഭേദഗതിയിൽ പറയുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകളും അതിനുശേഷം വോട്ടെടുപ്പും നടക്കും.
എന്നാൽ, ഓരോ പ്രവാസിയുടെയും സാമ്പത്തിക ബാധ്യതകൾ കണ്ടുപിടിക്കാൻ പ്രയാസമുള്ളതിനാൽ ഈ നിർദേശം അപ്രായോഗികമാണെന്ന് എൽ.എം.ആർ.എ എംപിമാരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഒരു കുറ്റകൃത്യമോ നിയമലംഘനമോ നടന്നതിനുശേഷം തൊഴിലുടമക്കോ ജീവനക്കാരനോ എതിരെ കോടതി വിധികൾ ഉണ്ടാകുമ്പോൾ മാത്രമേ അധികാരികളെ അറിയിച്ച് യാത്രാനിരോധനം ഏർപ്പെടുത്താറുള്ളൂ.
ബഹ്റൈൻ ചേംബറും നിർദിഷ്ട നിയമനിർമാണത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി. കോടതി വിധികളില്ലാതെ ഇത്തരത്തിൽ തടഞ്ഞുവെക്കുന്നത് ഇത് അന്താരാഷ്ട്ര കൺവെൻഷനുകൾക്കും വ്യക്തികളുടെ സഞ്ചാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഉടമ്പടികൾക്കും വിരുദ്ധമാണെന്ന് ചേംബർ ചൂണ്ടിക്കാട്ടി.
കടം വരുത്തിയിട്ടുള്ള പ്രവാസികളെ അത് അടച്ചുതീരുന്നതിനു മുമ്പ് നാടുകടത്തരുതെന്ന് എം.പിമാർ മുമ്പ് വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ഉപാധ്യക്ഷ ഡോ. മറിയം അൽ ദൈനിന്റെ നേതൃത്വത്തിൽ ആവശ്യപ്പെട്ടിരുന്നു. നിലവിൽ, മൂന്ന് മാസത്തേക്കാണ് യാത്രാ നിരോധനം ഏർപ്പെടുത്തുന്നത്. അത് പരമാവധി മൂന്ന് തവണ മാത്രമേ പുതുക്കാനാവൂ. ഇക്കാര്യത്തിലും ഭേദഗതി ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല