സ്വന്തം ലേഖകൻ: ബഹ്‌റൈനിൽ ഫ്‌ളാറ്റുകൾ, അപ്പാർട്ട്മെന്റുകൾ മറ്റു താമസ സ്‌ഥലങ്ങൾ തുടങ്ങിയവയുടെ വാടക നിരക്കുകൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞതായി റിയൽ എസ്റ്റേറ്റ് കമ്പനി പ്രതിനിധികളും ഏജന്റുമാരും പറഞ്ഞു. വിവിധ കെട്ടിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുള്ള ‘ഫോർ റെന്റ്’ ബോർഡുകളും വിരൽ ചൂണ്ടുന്നത് നിരക്കിലെ താഴ്ച തന്നെ.
കുടുംബ സമേതം താമസിക്കുന്ന പ്രവാസികളുടെ എണ്ണത്തിൽ കുറവ് വന്നതും ജീവിത ചെലവ് കൂടിയതോടെ പല പ്രവാസികളും ബാച്ചിലർ അക്കമഡേഷനുകളിലേക്ക് മാറിയതും കാരണം ഫ്‌ളാറ്റുകൾക്കും വില്ലകൾക്കും ആവശ്യക്കാർ കുറഞ്ഞതാണ് പല കെട്ടിട ഉടമകളും അപ്പാർട്ട്മെന്‍റ്– റിയൽ എസ്റ്റേറ്റ്ക കമ്പനികളും നിരക്ക് കുറയ്ക്കാൻ കാരണമായത്.
മുൻപ് പ്രവാസികൾ അടക്കമുള്ളവർക്ക് വൈദ്യുതി,ജല ഉപയോഗങ്ങൾക്ക് സർക്കാർ സബ്‌സിഡി നൽകിയിരുന്നത് നിർത്തലാക്കിയതോടെ ഫ്‌ളാറ്റ് വാടകയ്‌ക്കൊപ്പം ജല വൈദ്യുത ബില്ലിലെ ഭീമമായ നിരക്ക് താങ്ങാനാവാതെയാണ് പലരും കുടുംബങ്ങളെ നാട്ടിലേക്ക് അയച്ചത്. സബ്‌സിഡി ഇപ്പോഴും ലഭിക്കുന്ന സ്വദേശികളുടെ പേരിൽ തന്നെ വൈദ്യുതി ബില്ലുകൾ ഉള്ള ഫ്‌ളാറ്റുകൾക്കും അല്ലെങ്കിൽ വൈദ്യുതി അടക്കം നിശ്ചിത വാടക ഈടാക്കുന്ന അപാർട്ടുമെന്റുകൾക്ക് പിന്നീട് ഡിമാന്റുകൾ വർധിക്കുകയും ചെയ്തു.
അതോടെ ദിവസ നിരക്കിൽ അപാർട്ട്മെന്റുകൾ വാടകയ്ക്ക് നൽകിയിരുന്ന നിരവധി ഹോട്ടലുകൾ മാസവാടകയ്ക്ക് നൽകുന്ന ഫ്‌ളാറ്റുകളാക്കി മാറ്റി. പൊതുവെ സൗദി വിനോദ സഞ്ചാരികളെ മാത്രം ആശ്രയിച്ചിരുന്ന ജുഫൈർ, ഹൂറ ഭാഗങ്ങളിലെ പല ഹോട്ടലുകളും ഇത്തരത്തിലുള്ള അപാർട്ടുമെന്റുകളാക്കി മാറ്റിയിട്ടുണ്ട്. അതോടെ ഈ രംഗത്ത് നല്ല മൽസരം മുറുകുകയും വാടക ഗണ്യമായി കുറയുകയുമായിരുന്നു.
ടൗൺ ഏരിയകളിൽ മുൻപ് 500 ദിനാർ മുതൽ 1000 ദിനാർ വരെ ഈടാക്കിയിരുന്ന പല അപാർട്ട്മെന്റുകളും വില്ലകളും ഇപ്പോൾ 350 ദിനാർ മുതൽ 700 ദിനാർ വരെയും ,സാധാരണക്കാർക്കുള്ള 400 ദിനാർ മുതൽ 600 ദിനാർ വരെ ഈടാക്കിയിരുന്ന ഫുൾ ഫർണ്ണിഷ്ഡ് ഡബിൾ റൂം ഫ്‌ളാറ്റുകൾ ഇപ്പോൾ 250 ദിനാർ മുതൽ 400 വരെ നിരക്കിലും ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ബുദയ്യ, ഗലാലി, തഷൻ തുടങ്ങിയ ഉൾപ്രദേശങ്ങളിലാവട്ടെ ഇതിലും കുറഞ്ഞ നിരക്കുകളിൽ വലിയ ഫ്‌ളാറ്റുകൾ ഇപ്പോൾ ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല