സ്വന്തം ലേഖകൻ: ബഹ്റൈനിൽ െഫ്ലക്സി വിസക്ക് പകരമായി അവതരിപ്പിക്കുന്ന പുതിയ സംവിധാനത്തിെന്റ വിശദാംശങ്ങൾ അധികൃതർ വ്യക്തമാക്കി. നിയമാനുസൃതമായി ജോലി ചെയ്യാൻ അർഹരായ പ്രവാസികൾക്ക് വർക്ക് പെർമിറ്റ് കാർഡ് അനുവദിക്കും. ഈ കാർഡ് സ്വന്തമാക്കിയവർക്കാണ് തുടർന്ന് ബഹ്റൈനിൽ ജോലി ചെയ്യാൻ സാധിക്കുക.
അർഹരായ തൊഴിലാളികൾ ലേബർ രജിസ്ട്രേഷൻ സെൻററിൽ രജിസ്റ്റർ ചെയ്യണമെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ, എൽ.എം.ആർ.എ സി.ഇ.ഒ നൂഫ് അബ്ദുൽറഹ്മാൻ ജംഷീർ, ബഹ്റൈൻ ചേംബർ ചെയർമാൻ സമീർ നാസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഓൺലൈനിലും ലേബർ രജിസ്ട്രേഷൻ സെന്ററിലും രജിസ്ട്രേഷന് സൗകര്യമൊരുക്കും. രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികളുടെ പൂർണ്ണ വിവരങ്ങൾ ഇവിടെ സൂക്ഷിക്കും. പ്രവാസി തൊഴിലാളികളുടെ സമഗ്രമായ വിവരശേഖരണമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് പ്രത്യേക വർക്ക് പെർമിറ്റ് കാർഡ് അനുവദിക്കും. തൊഴിലാളിയുടെ ഫോട്ടോ, തൊഴിൽ, പേര്, സി.പി.ആർ നമ്പർ എന്നിവ ഇതിൽ രേഖപ്പെടുത്തിയിരിക്കും. രജിസ്ട്രേഷനും മറ്റ് നടപടികളും ഉടൻതന്നെ ആരംഭിക്കും.
നിലവിൽ െഫ്ലക്സി വീസയിൽ ജോലി ചെയ്യുന്നവരും മതിയായ രേഖകളില്ലാതെ താമസിക്കുന്നവരും ലേബർ രജിസ്ട്രേഷൻ സെന്ററിൽ രജിസ്റ്റർ ചെയ്യണമെന്ന് എൽ.എം.ആർ.എ നേരത്തെ അറിയിച്ചിരുന്നു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന തരത്തിലാണ് സംവിധാനം നടപ്പാക്കുന്നതെന്ന് തൊഴിൽ മന്ത്രി പറഞ്ഞു. എല്ലാ തൊഴിലുകളും നിശ്ചിത മാനദണ്ഡങ്ങൾ ഏർപ്പെടുത്തും. ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഉടൻതന്നെ പുറത്തുവിടും. മികച്ച നിലവാരുമുള്ള തൊഴിലാളികളാണ് രാജ്യത്തേക്ക് വരുന്നതെന്ന് ഉറപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഫ്ലെക്സി വീസ നിർത്തലാക്കണമെന്ന് ദീർഘനാളായി വ്യവസായ സമൂഹം ആവശ്യപ്പെടുന്നതാണെന്ന് ബഹ്റൈൻ ചേംബർ ചെയർമാൻ സമീർ നാസ് പറഞ്ഞു. സ്വദേശികൾക്കും പ്രവാസികൾക്കും തുല്യവസരമൊരുക്കുന്നതാണ് പുതിയ സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിസിറ്റ് വീസയിൽ തൊഴിൽ തേടി രാജ്യത്തെത്തുന്നവർ ജോലി ലഭിച്ചാൽ രാജ്യത്തിന് പുറത്തുപോയി വരണമെന്ന നിബന്ധന ഏർപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തിപ്പെടുത്തിയതായി എൽ.എം.ആർ.എ സി.ഇ.ഒ നൂഫ് അബ്ദുൽ റഹ്മാൻ ജംഷീർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിെന്റ വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധന നടത്തിയിരുന്നു. പിടിയിലാകുന്നവർക്കെതിതെ നാടുകടത്തൽ ഉൾപ്പെടെ നിയമനടപടികൾ സ്വീകരിക്കും.
രാജ്യത്തെ തൊഴിൽ മേഖലയിൽ സമൂല പരിഷ്കരണമാണ് അധികൃതർ ലക്ഷ്യമിടുന്നത്. മതിയായ യോഗ്യതയും കാര്യക്ഷമതയുമുള്ള തൊഴിലാളികളെ മാത്രം കൊണ്ടുവന്ന് മികച്ച തൊഴിൽ അന്തരീക്ഷം ഒരുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല