സ്വന്തം ലേഖകൻ: ഏറെ കാലത്തെ പിണക്കത്തിനും അകല്‍ച്ചയ്ക്കുമൊടുവില്‍ അയല്‍ രാജ്യങ്ങളായ ഖത്തറും ബഹ്റൈനും തമ്മിലുള്ള ബന്ധം വീണ്ടും ശക്തമാവുന്നു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന സൗഹൃദ പാലം നിര്‍മിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി.
ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് നിര്‍മിക്കുന്ന ഫ്രന്റ്ഷിപ്പ് ബ്രിഡ്ജിന് 34 കിലോമീറ്ററാണ് ദൂരം. തൊട്ടടുത്ത് നില്ക്കുന്ന രാജ്യങ്ങളാണെങ്കിലും ഖത്തറിന് ബഹ്റൈനിലേക്ക് നേരിട്ട് കര അതിര്‍ത്തി ഇല്ല.
അതുകൊണ്ടു തന്നെ ഖത്തറില്‍ നിന്ന് ഒരാള്‍ക്ക് ബഹ്റൈനിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ഖത്തര്‍ അതിര്‍ത്തിയായ അബൂസംറ ക്രോസിംഗ് വഴി റോഡ് മാര്‍ഗം ആദ്യം സൗദി അറേബ്യയിലേക്ക് പ്രവേശിക്കണം. അതിനുശേഷം സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന 25 കിലോമീറ്റര്‍ നീളമുള്ള കിംഗ് ഫഹദ് കോസ്വേയിലൂടെ വേണം ബഹ്റൈനില്‍ എത്തിച്ചേരാന്‍. ഇതിന് ഏകദേശം അഞ്ചു മണിക്കൂറെങ്കിലും വേണ്ടിവരും.
എന്നാല്‍ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പുതിയ 34 കിലോമീറ്റര്‍ പാലം യാഥാര്‍ഥ്യമാവുന്നതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യാത്രാ സമയം അഞ്ചു മണിക്കൂറില്‍ നിന്ന് വെറും 30 മിനുട്ടായി കുറയുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാവും. അതോടൊപ്പം ഇരു രാജ്യങ്ങളിലേക്കുമുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കും നിക്ഷേപകരുടെ താല്പര്യവും വലിയ തോതില്‍ വര്‍ധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഇതുവഴി ഇരു രാജ്യങ്ങള്‍ക്കും വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ഇവര്‍ വച്ചുപുലര്‍ത്തുന്നുണ്ട്. ജിസിസി രാജ്യങ്ങള്‍ തമ്മില്‍ മൊത്തത്തിലുള്ള യാത്ര സുഗമമാക്കുന്നതിനും ഇത് ഉപകരിക്കും.
2006ലായിരുന്നു ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആദ്യമായി നടന്നത്. ഇതുമായി ബന്ധപ്പെട്ട് അന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണ ധാരണയും ഉണ്ടാക്കിയിരുന്നു. 2008ല്‍ പാലം നിര്‍മാണം വേഗത്തിലും സുഗമമായും നടപ്പിലാക്കുന്നതിനായി ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങിയ ബഹ്റൈന്‍- ഖത്തര്‍ ബ്രിഡ്ജ് ഫൗണ്ടേഷന് രൂപം നല്‍കുകയും ചെയ്തിരുന്നു.
അതിനു പുറമെ, നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തുന്നതിനായി ഒരു അന്താരാഷ്ട്ര കണ്‍സോര്‍ഷ്യവും രൂപീകരിച്ചിരുന്നു. ഫ്രഞ്ച് കമ്പനിയായ വിന്‍സി, ജര്‍മന്‍ കമ്പനിയായ ഹോട്ടീഫ്, ഗ്രീക്ക് കമ്പനിയായ യുനൈറ്റഡ് കോണ്‍ട്രാക്ടേഴ്സ് എന്നീ മൂന്ന് കമ്പനികള്‍ ചേര്‍ന്നതായിരുന്നു കണ്‍സോര്‍ഷ്യം.
2008ല്‍ പാലം നിര്‍മാണത്തിന് 230 കോടി ഡോളറാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തടസ്സപ്പെടുകയായിരുന്നു. നിലവില്‍ ചുരുങ്ങിയത് 307 കോടി ഡോളര്‍ ചെലവാണ് കണക്കാക്കപ്പെടുന്നത്. പാലം നിര്‍മിക്കപ്പെടുന്നതോടെ പ്രതിദിനം 4000 വാഹനങ്ങള്‍ ഇതുവഴി യാത്ര ചെയ്യുമെന്നാണ് കണക്കുകള്‍. അടുത്ത വര്‍ഷം അത് 5000 ആയും 2050ഓടെ വാഹനങ്ങളുടെ എണ്ണം 12,000ഉം ആയി ഉയരുമെന്നും നിരീക്ഷിക്കപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല