![](https://www.nrimalayalee.com/wp-content/uploads/2022/04/Bahrain-Government-Services-Electronic-key.jpg)
സ്വന്തം ലേഖകൻ: മറ്റ് ഗൾഫ് രാജ്യങ്ങളിലെന്ന പോലെ ബഹ്റൈനിലും സർക്കാർ സേവനങ്ങളും ഇടപാടുകളും അതിവേഗം ഓൺലൈനിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷിതമായ ഓൺലൈൻ ഇടപാടുകൾക്ക് ബഹ്റൈൻ സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന സംവിധാനമാണ് ഇലക്ട്രോണിക് കീ അഥവാ ഇ-കീ. സർക്കാർ സംബന്ധമായ മിക്ക ഇടപാടുകൾക്കും ഇപ്പോൾ ഇ-കീ ആവശ്യമാണ്. കൂടുതൽ സേവനങ്ങൾ ഇതിന്റെ പരിധിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
സ്റ്റാൻഡേഡ് ഇ-കീ, അഡ്വാൻസ്ഡ് ഇ-കീ എന്നിങ്ങനെ രണ്ടു തരത്തിലുള്ള ഇലക്ട്രോണിക് കീയാണുള്ളത്. സ്റ്റാൻഡേഡ് ഇ-കീ ഉപയോഗിച്ച് സാധാരണ രീതിയിലുള്ള ഇടപാടുകൾ നടത്താൻ കഴിയും. വ്യക്തികൾക്ക് ഓൺലൈനിൽനിന്നുതന്നെ സ്റ്റാൻഡേഡ് ഇ-കീ സമ്പാദിക്കാവുന്നതാണ്. വലിയ രീതിയിലുള്ള ഇടപാടുകൾക്കും സേവനങ്ങൾക്കുമാണ് അഡ്വാൻസ്ഡ് ഇ-കീ ആവശ്യമുള്ളത്.
ഫിനാൻഷ്യൽ ഹാർബറിലെ വെസ്റ്റ് ടവറിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രാലയത്തിലെ സിജിലാത്ത് വിഭാഗത്തിൽ വിരലടയാളം നൽകിയാണ് അഡ്വാൻസ്ഡ് ഇ-കീ എടുക്കുന്നത്. കമ്പനി രൂപവത്കരണം ഉൾപ്പെടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നുതന്നെ ചെയ്യാൻ ഇതുവഴി സാധിക്കും. നാട്ടിലാണെങ്കിൽപോലും ഇ-കീ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സാധിക്കും.
പുതിയ പാർട്ണറെ ചേർക്കൽ, നിലവിലുള്ള പാർട്ണറെ മാറ്റൽ എന്നിവയും ഓൺലൈനിൽതന്നെ ചെയ്യാൻ കഴിയും. കമ്പനി രൂപവത്കരണം തുടങ്ങിയ വിഷയങ്ങളിൽ 90 ശതമാനം കാര്യങ്ങളും നാട്ടിൽനിന്ന് തന്നെ പൂർത്തീകരിക്കാം. ഇലക്ട്രിസിറ്റി, കുടിവെള്ളം തുടങ്ങിയ കാര്യങ്ങൾക്കും ഇ-കീ ഉപയോഗിക്കാം.
ഒരു ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ, കാലാവധി കഴിയാത്ത സി.പി.ആർ നമ്പർ എന്നിവയാണ് ഇ-കീ എടുക്കാൻ ആവശ്യമുള്ളത്. യൂസർ ഐഡി ആയി ലഭിക്കുന്നത് സി.പി.ആർ നമ്പർ തന്നെയായിരിക്കും. നാട്ടിൽ അവധിക്കു പോകുന്നവർ നിർബന്ധമായും ഇ-കീ സമ്പാദിക്കാൻ ശ്രദ്ധിക്കണം. ബഹ്റൈനിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും ഇ-കീ ആവശ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല