സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍ കെട്ടിട വാടക കുത്തനെ കൂടിയതായി റിപ്പോര്‍ട്ട്. രാജ്യത്തേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് വലിയ തോതില്‍ വര്‍ധിച്ചതാണ് താമസ കെട്ടിടങ്ങളുടെ വാടകയില്‍ വലിയ വര്‍ധനവുണ്ടായത്. ബഹ്‌റൈന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ ഉപഭോക്തൃ വില സൂചിക (കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡ്ക്‌സ്) 2024 ഏപ്രിലില്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. വിവിധ സേവനങ്ങള്‍ക്കും സാധനങ്ങള്‍ക്കും നേരത്തേയുണ്ടായിരുന്ന വിലയില്‍ വലിയ മാറ്റങ്ങളാണ് രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്തെ താമസ സംവിധാനങ്ങളുടെ വിലയില്‍ 11 ശതമാനമാണ് വര്‍ധനവുണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിലുണ്ടായ വര്‍ധനവ് കാരണം താമസ കെട്ടിടങ്ങളുടെ ഡിമാന്റ് വലിയ തോതില്‍ വര്‍ധിച്ചതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. വ്യക്തിഗത ഗതാഗത ഉപകരണങ്ങളുടെ വിലയില്‍ 1.5 ശതമാനത്തിന്റെ വര്‍ധനവും എണ്ണ, പോഷക സാധനങ്ങള്‍ എന്നിവുയുടേതില്‍ 5.3 ശതമാനത്തിന്റെ വര്‍ധനവുമുണ്ടായി.
അതേസമയം പ്രധാന വീട്ടുപകരണങ്ങളുടെ വിലയില്‍ 2.9 ശതമാനത്തിന്റെയും ടെലിഫോണ്‍, ടെലിഫാക്‌സ് ഉപകരണങ്ങളുടെ വിലയില്‍ 4.3 ശതമാനത്തിന്റെ വിലക്കുറവും ഈ കാലയളവില്‍ രേഖപ്പെടുത്തി. അതേപോലെ, രാജ്യത്ത് മത്സ്യ വിലയിലും വലിയ കുറവാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയത്. 6.6 ശതമാനത്തിന്റെ കുറവാണ് മത്സ്യങ്ങളുടെയും മത്സ്യ ഉല്‍പ്പന്നങ്ങളുടെയും വിലയിലുണ്ടായത്. ഇത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായാണ് വിലയിരുത്തപ്പെടുന്നത്.
പഴ വര്‍ഗങ്ങളുടെയും മാംസങ്ങളുടെയും വിലയില്‍ വര്‍ധനവാണ് രേഖപ്പെടുത്തയത്. പഴങ്ങളുടെ വില 4.9 ശതമാനവും ഇറച്ചിയുടെ വില 4.2 ശതമാനവും കണ്ട് വര്‍ധിച്ചു. പച്ചക്കറികള്‍, മറ്റ് ഭക്ഷ്യ വസ്തുക്കള്‍, പാനീയങ്ങള്‍ എന്നിവയുടെ വിലയും 1.4 ശതമാനം കണ്ട് വര്‍ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല