സ്വന്തം ലേഖകൻ: ഇ-കൊമേഴ്സ് സ്റ്റാമ്പിങ് സിസ്റ്റമായ ‘ഇഫാദ’ക്ക് തുടക്കമിട്ടതായി വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു അറിയിച്ചു. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും അവയുടെ അനുബന്ധ പ്രവർത്തനങ്ങളും നിയന്ത്രിക്കാനും ഈ മേഖലയിലെ തട്ടിപ്പുകൾ കുറക്കാനും ‘ഇഫാദ’ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.
ബഹ്റൈനിലെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവർത്തന പദ്ധതികളുടെ മുൻഗണനകളിൽ ഉൾപ്പെടുന്ന ഒന്നാണ് ഇ-കൊമേഴ്സ്. വാണിജ്യ മേഖലയുടെ ഡിജിറ്റലൈസേഷന് മുന്തിയ പരിഗണനയാണ് മന്ത്രാലയം നൽകുന്നത്.
വഞ്ചന, അഴിമതി, തട്ടിപ്പ് എന്നിവ തടയാനും സുതാര്യമായ ഇടപാടുകൾ സാധ്യമാക്കാനും ഇത് ഇട വരുത്തുന്നു. ഇ-കൊമേഴ്സ് സ്റ്റാമ്പിംങ് രീതിക്ക് ‘ഇഫാദ’യെന്ന പേരാണ് നൽകിയിട്ടുള്ളത്. ഫീസ് നൽകാതെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് രജിസ്ട്രേഷൻ നിർവഹിക്കാൻ ഇതോടെ സാധിക്കും. ഇ-കൊമേഴ്സിന് കൂടുതൽ ശക്തിപകരാനും ഉപഭോക്താക്കളുടെ വിശ്വാസമാർജിക്കാനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് പ്രോത്സാഹനം നൽകാനും ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർധിക്കാനും ഇത് ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്ടിവായ വാണിജ്യ രജിസ്ട്രി, സജീവ ഇ-കൊമേഴ്സ് സ്റ്റോർ/പ്ലാറ്റ്ഫോം, സുരക്ഷിതമായ ഇലക്ട്രോണിക് പേയ്മെന്റ് രീതി, വ്യക്തമായ റിട്ടേൺ ആൻഡ് എക്സ്ചേഞ്ച് നയം, ഉപയോക്തൃ ഡേറ്റ സംരക്ഷണ നയം, സജീവമായ ഷോപ്പിങ് കാർട്ട്, ഉപഭോക്താക്കൾക്കുള്ള ഡെലിവറി സേവനം എന്നിവ ഉൾപ്പെടെ നിരവധി ആവശ്യകതകൾ നിറവേറ്റിയാൽ ‘ഇഫാദ’ സീൽ ലഭിക്കും.
സീൽ ലഭിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ https://service.moic.gov.bh/eFada എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണമെന്ന് മന്താലയം നിർദേശിച്ചു. സംശയങ്ങൾക്ക് @moic.gov.bh ഇ-മെയിൽ അയക്കുക. അല്ലെങ്കിൽ 17574888 എന്ന നമ്പറിൽ വിളിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല