സ്വന്തം ലേഖകൻ: ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്ന ഓൺലൈനായി ഫീസ് അടക്കാനുള്ള സൗകര്യം നിലവിൽ വന്നു. ഇനി മുതൽ അമേരിക്കൻ എക്സ്പ്രസ് (AMEX) ഉൾപ്പെടെ ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ സ്കൂൾ ഫീസ് സൗകര്യപൂർവം അടക്കാം. ഈ പുതിയ സൗകര്യം നിലവിലുള്ള ഫീസ് അടക്കാനുള്ള രീതികൾക്ക് അനുബന്ധമാണ്.
ഓൺലൈനായി ഫീസ് അടക്കാനുള്ള സൗകര്യം ഉപയോഗിക്കുന്നതിന് സ്കൂൾ വെബ്സൈറ്റിലെ നിയുക്ത ലിങ്കിൽ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ഓൺലൈൻ അടവുകൾക്ക് കൺവീനിയൻസ് ചാർജുകൾ ബാധകമായിരിക്കും. ഡെബിറ്റ് കാർഡുകൾക്ക് നൽകേണ്ട തുകയുടെ 0.9%, ക്രെഡിറ്റ് കാർഡുകൾക്ക് 1.1%, AMEX-ന് 1.25% എന്നിങ്ങനെയാണ് നിരക്ക്.
കൂടാതെ കൺവീനിയൻസ് ചാർജിൽ 10% വാറ്റും ഈടാക്കും. ഈ സൗകര്യങ്ങൾ മുഖേനയുള്ള ഫീ അടവുകൾ സ്കൂൾ രേഖകളിൽ ഉടനടി അപ്ഡേറ്റ് ചെയ്യുകയും രസീത് ഉടനടി ലഭ്യമാവുകയും ചെയ്യുന്നു. ഈ ഓൺലൈൻ പേയ്മെന്റ് സൗകര്യം രക്ഷിതാക്കൾക്ക് ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. പരമ്പരാഗത സ്കൂൾ ഫീ അടവ് രീതികൾ ഇഷ്ടപ്പെടുന്നവർക്ക്, സ്കൂൾ കുടിശ്ശികകൾ ഇസ ടൗണിലെയും റിഫ കാമ്പസുകളിലെയും ക്യാഷ് കൗണ്ടറുകളിൽ പ്രവൃത്തി ദിവസങ്ങളിൽ തീർപ്പാക്കാവുന്നതാണ്.
കൂടാതെ NEC/BFC/NAFEX ഔട്ട്ലറ്റുകളിലും അവയുടെ ഓൺലൈൻ സേവനങ്ങൾ വഴിയും അല്ലെങ്കിൽ SADAD സെൽഫ് സർവിസ് കിയോസ്ക് വഴിയും നിലവിൽ ഫീസ് അടയ്ക്കാം. സ്കൂൾ ഫീസ് അടക്കേണ്ട അവസാന തീയതി എല്ലാ മാസവും 15 ആണ്. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുകയെന്ന സ്കൂളിന്റെ ദൗത്യത്തോടുള്ള രക്ഷിതാക്കളുടെ സഹകരണത്തിനും പിന്തുണക്കും നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല