സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ അധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധനയുമായി ബന്ധപ്പെട്ട വാർത്ത കഴിഞ്ഞ ദിവസം ആണ് വന്നത്. സർട്ടിഫിക്കറ്റ് പരിശോധനയിൽ ബിഎഡ് ബിരുദം വ്യാജം എന്ന് കണ്ടെത്തിയ അധ്യാപകർക്കെതിരെയാണ് നടപടി തുടരുന്നത്. ബഹ്‌റൈനിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട മലയാളി 1999 ൽ ബിരുദം പൂർത്തിയാക്കി. പിന്നീട് യുപി യിലെ ഒരു സർവകലാശാലയിൽ നിന്ന് കറസ്പോണ്ടൻസ് കോഴ്സായി ബിഎഡ് പൂർത്തിയാക്കി. ഇടനിലക്കാരായി നിന്നിട്ടുള്ള സ്വകാര്യ അക്കാദമി കൃത്യമായ ഫീസ് വാങ്ങി സർട്ടിഫിക്കറ്റ് നൽകി. ഇന്ത്യാ ഗവൺമെന്റ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചാണ് അധ്യാപിക ജോലി നേടിയത്. 26 വർഷം അധ്യാപകയായി ജോലി ചെയ്തു.
അവധി കഴിഞ്ഞു പിതാവിനോടും ഭർത്താവിനോടുമൊപ്പം നാട്ടിൽ നിന്ന് മടങ്ങിയ അധ്യാപിക വിമാനത്താവളത്തിൽ വെച്ച് പിടിയിലാകുകയായിരുന്നു. എന്നാൽ അറസ്റ്റ് എന്തിനാണെന്ന് ഇവർക്ക് ആദ്യം മനസിലായില്ല. പലരും തങ്ങളുടെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും ഉടൻ മോചിതരാകുകയും ചെയ്യും എന്ന പ്രതീക്ഷയിലാണ്. ഇന്ത്യക്കാർ മാത്രമല്ല ഈജിപ്ത്, പാക്കിസ്‌ഥാൻ തുടങ്ങി രാജ്യക്കാരും ഇത്തരത്തിൽ ബഹ്റെെനിൽ നിന്നും അറസ്റ്റിലായിട്ടുണ്ട്.
ഇന്ത്യ ഗവർമെന്റ് ഡൽഹിയിൽ അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കട്ടുകൾ ആണ് അധ്യാപകർ പരിശോധിനക്കായി സമർപ്പിച്ചിരിക്കുന്നത്. സർട്ടിഫിക്കറ്റ് ക്വാഡ്രബേ ആപ്പിൽ അപ്‌ലോഡ് ചെയ്യാൻ ആണ് മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് അനുസരിച്ച് അധ്യാപകർ സർട്ടിഫിക്കറ്റ് വെരിഫിക്കഷന് നൽകി. വെരിഫികേഷൻ കഴിഞ്ഞ് വന്നപ്പോൾ പലർക്കും സർട്ടിഫിക്കറ്റ് വ്യാജമാണെന്ന റിപ്പോർട്ട് വന്നു. ക്വാഡ്രബേ സർട്ടിഫിക്കറ്റ് തള്ളിയാൽ അതിന് മന്ത്രാലയ അംഗീകാരം ഇല്ല. പകരം മന്ത്രാലയം നടത്തുന്ന കോഴ്സ് ചെയ്യണം. വലിയ ഫീസാണ് ഇതിനായി വരുക.
ഒരാഴ്ച മുമ്പാണ് ചില അധ്യാപകർ അറസ്റ്റിലായത്. ഇതിൽ പലരും മോചിതരായി. സർട്ടിഫിക്കറ്റ് വ്യാജം അല്ലെന്ന് കണ്ടെത്തുന്ന മുറക്കാണ് ഇവരെ മോചിതരാക്കുന്നത്. അടച്ചുപൂട്ടിയതും, അംഗീകാരം നഷ്ടപ്പെട്ട അക്കാദമിയും എല്ലാം അധ്യാപകർക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്. ഇന്ത്യയിലെയും ബഹ്‌റൈനിലെയും ബന്ധപ്പെട്ട അധികൃതർ ഇക്കാര്യങ്ങളിൽ ഇടപെടണമെന്നും പ്രശ്നത്തിന് പരിഹാരം കണ്ടെത്തണം എന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.
അതേസമയം, വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ രംത്തെത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരായ അധ്യാപകർ ഉണ്ട്. ഇവർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട്. അതിനാൽ ആവശ്യമായ നടപടി വിഷയത്തിൽ സ്വീകരിക്കണമെന്ന് പ്രവാസി ലീഗൽ സെൽ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല