സ്വന്തം ലേഖകൻ: ശീതകാല ഷെഡ്യൂളിൽ ബഹ്റൈനിൽനിന്ന് കൊച്ചിയിലേക്കുള്ള ഫ്ലൈറ്റുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഇൻഡിഗോ മാനേജ്മെന്റ് അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് കത്തയച്ച ഷാഫി പറമ്പിൽ എം.പിക്ക് നൽകിയ മറുപടിയിലാണ് ഇൻഡിഗോ ഇക്കാര്യം വ്യക്തമാക്കിയത്.
സാമൂഹിക പ്രവർത്തകനായ ഫസലുൾ ഹഖും ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നം കുളത്തിങ്ങലുമാണ് പ്രവാസികളുടെ ദുരിതം വിശദമാക്കി എം.പിക്ക് പരാതി നൽകിയത്.
പരാതി കിട്ടിയയുടൻ ഷാഫി പറമ്പിൽ എം.പി ഇൻഡിഗോക്ക് കത്ത് നൽകുകയായിരുന്നു. ബഹ്റൈനും കൊച്ചിക്കും ഇടയിൽ എയർ കണക്ടിവിറ്റിയെ ആശ്രയിക്കുന്ന ധാരാളം കേരളീയർ അടങ്ങുന്ന ബഹ്റൈനിലെ പ്രവാസി സമൂഹം വിമാന സർവിസുകളുടെ കുറവു മൂലം കഷ്ടതയനുഭവിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ശീതകാല ഷെഡ്യൂളിൽ ഗൾഫ് എയർ കൊച്ചിയിലേക്കുള്ള ഫ്ലൈറ്റ് സർവിസുകൾ ദിവസത്തിൽനിന്ന് ആഴ്ചയിൽ നാല് തവണയായി കുറച്ചതും എയർ ഇന്ത്യ എക്സ്പ്രസും ഈ റൂട്ടിൽ പ്രവർത്തനം കുറച്ചതും ചൂണ്ടിക്കാട്ടിയിരുന്നു.
അധിക ഫ്ലൈറ്റുകൾ അനുവദിക്കുന്നതും പ്രത്യേകിച്ച് വൈകുന്നേരം സർവിസ് തുടങ്ങുന്നതും യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും കൊച്ചി വഴിയുള്ള മറ്റു ലക്ഷ്യസ്ഥാനങ്ങളുമായുള്ള ബന്ധം ഉറപ്പാക്കുമെന്നും ഫസലുൾ ഹഖും നിസാർ കുന്നംകുളത്തിങ്ങലും പറഞ്ഞു. നിർദേശങ്ങളെ വിലമതിക്കുന്നതായും ശീതകാല ഷെഡ്യൂളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നും ഇൻഡിഗോ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല