സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ബഹ്‌റൈനിലെ കോവിഡ് രോഗബാധിതര്‍ക്കുള്ള ഐസൊലേഷന്‍ കാലയളവിലും അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന്‍ കാലയളവിലും മാറ്റങ്ങള്‍ വരുത്തി. ഇന്ന് ജനുവരി 13 വ്യാഴാഴ്ച മുതല്‍ പുതുക്കിയ വ്യവസ്ഥകള്‍ നിലവില്‍ വരുമെന്ന് കോവിഡ് പ്രതിരോധത്തിനായുള്ള നാഷനല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഇതു പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്ന് ബഹ്‌റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് അവരുടെ ബി അവയര്‍ ബഹ്‌റൈന്‍ മൊബൈല്‍ ആപ്പില്‍ ഗ്രീന്‍ ഷീല്‍ഡ് ഉണ്ടെങ്കില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. പൂര്‍ണമായി വാക്‌സിന്‍ എടുത്തവരും രോഗബാധ ഇല്ലാത്തവരുമായ ആളുകളുടെ ആപ്പിലാണ് ഗ്രീന്‍ ഷീല്‍ഡ് തെളിയുക. എന്നാല്‍ ബി അവയര്‍ ആപ്പില്‍ മഞ്ഞ, ചുകപ്പ് ഷീല്‍ഡ് ഉള്ളവരും വാക്‌സിന്‍ സ്വീകരിക്കാത്തവരുമായ വ്യക്തികളും ആണെങ്കില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിയ ഉടമെ ഏഴു ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ മറ്റുള്ളവരുമായി ഇടപഴകുന്നതിന് മുമ്പ് പിസിആര്‍ പരിശോധന നടത്തി രോഗമില്ലെന്ന് വ്യക്തമാക്കണം.
അതോടൊപ്പം കോവിഡ് ബാധിതരാവുന്ന ആളുകള്‍ക്കുള്ള ഐസൊലേഷന്‍ കാലയളവിലും ടാസ്‌ക് ഫോഴ്‌സ് മാറ്റങ്ങള്‍ വരുത്തി. ബി അവയര്‍ ആപ്പില്‍ പച്ച ഷീല്‍ഡുള്ളവര്‍ക്ക് കോവിഡ് ബാധ ഉണ്ടായാല്‍ അവര്‍ ഏഴു ദിവസം ഐസൊലേഷനില്‍ കഴിയണം. ഏഴ് ദിവസ കാലാവധി കഴിഞ്ഞാല്‍ ആപ്പില്‍ പച്ച ഷീല്‍ഡുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ ഇല്ലാതെ തന്നെ പുറത്തിറങ്ങാന്‍ സാധിക്കും.
എന്നാല്‍ ഇതു വരെ വാക്‌സിന്‍ സ്വീകരിക്കാത്തവരോ, അല്ലെങ്കില്‍ മൊബൈല്‍ ആപ്പില്‍ മഞ്ഞയോ ചുവപ്പോ നിറത്തിലുള്ള ഷീല്‍ഡ്ഡ് ഉള്ളവരോ ആയ വ്യക്തികള്‍ക്ക് കോവിഡ് ബാധയുണ്ടായാല്‍ രോഗബാധയുണ്ടായ തീയതി മുതല്‍ 10 ദിവസം ഐസൊലേഷനില്‍ കയണമെന്നതാണ് വ്യവസ്ഥ. 10 ദിവസം കഴിഞ്ഞാല്‍ ആര്‍ടിപിസിആര്‍ പരിശോധന ഇല്ലാതെ തന്നെ അവര്‍ക്ക് പുറത്തിറങ്ങാം. സമ്പര്‍ക്ക ബാധിതരായാല്‍ ഒന്നാം ദിവസവും ഏഴാം ദിവസവും പിസിആര്‍ ടെസ്റ്റ് ചെയ്യണം. ഗ്രീന്‍ ഷീല്‍ഡ് ഉള്ളവര്‍ സമ്പര്‍ക്ക ബാധിതരായാല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. എന്നാല്‍ യെല്ലോ, റെഡ് ഷീല്‍ഡ് ഉള്ളവര്‍ ഏഴ് ദിവസം ഐസൊലേഷനില്‍ കഴിയണം.
അതിനിടെ, 12 മുതല്‍ 17 വരെ പ്രായമുള്ള കുട്ടികള്‍ക്കിടയിലെ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ വിതരണം ഇന്നലെ ബുധനാഴ്ച മുതല്‍ ആരംഭിച്ചതായി നാഷനല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഗവണ്‍മെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി കുട്ടികള്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കിയിരുന്നു.
നേരത്തേ സിനാഫോം വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുത്ത കുട്ടികളാണെങ്കില്‍ അവര്‍ക്ക് സിനോഫാം തന്നെയോ അല്ലെങ്കില്‍ ഫൈസര്‍ വാക്‌സിനോ ആയിരിക്കും ബൂസ്റ്റര്‍ ആയി നല്‍കുക. രണ്ടാം ഡോസ് എടുത്ത് ആറു മാസം പിന്നിട്ടവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുള്ളത്. അതേസമയം, ആദ്യ രണ്ട് ഡോസുകളും ഫൈസര്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് അതിന്റെ തന്നെ മൂന്നാമത്തെ വാക്‌സിന്‍ നല്‍കും. അതേസമയം, ആറു മാസം കഴിഞ്ഞിട്ടും ബൂസ്റ്റര്‍ ഡോസ് എടുക്കാത്ത കുട്ടികളുടെ ആപ്പിലെ നിറം മഞ്ഞയിലേക്ക് മാറില്ലെന്നും അധകൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല