1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2022

സ്വന്തം ലേഖകൻ: ചരിത്രത്തിലാദ്യമായി ഒരു ഗള്‍ഫ് രാജ്യത്ത് ഇസ്രായേല്‍ സൈനിക കേന്ദ്രം ഒരുങ്ങുന്നു. ബഹ്റൈനിലാണ് ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക കേന്ദ്രം ഒരുക്കുന്നത്. ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയമാണ് രാജ്യത്ത് ഒരു മുതിര്‍ന്ന ഇസ്രായേലി നാവിക ഉദ്യോഗസ്ഥന് താവളമൊരുക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

അന്താരാഷ്ട്ര സൈനിക സഖ്യത്തിന്റെ ഭാഗമായാണ് മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥനെ രാജ്യത്ത് നിയമിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. മേഖലയിലെ സമുദ്ര സഞ്ചാരവും ചരക്കുനീക്കവും സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ബഹ്റൈനില്‍ താവളമടിച്ചിരിക്കുന്ന യുഎസ് ഫിഫ്ത്ത് ഫ്ളീറ്റ് നാവിക കപ്പലുമായി ബന്ധപ്പെട്ട ഒരു ലെയ്സണ്‍ ഓഫീസര്‍ എന്ന നിലയിലാണ് ഇസ്രായേലി ഉദ്യോഗസ്ഥനെ നിയമിച്ചത്.

മേഖലയിലെ സമുദ്ര സഞ്ചാരം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി രൂപീകൃതമായ 34 രാജ്യങ്ങള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര സൈനിക സഖ്യത്തിന്റെ തീരുമാനം അനുസരിച്ചാണ് ഇതെന്നും മന്ത്രാലയത്തെ ഉദ്ധരിച്ച് ബഹ്റൈന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. മേഖലയിലെ കടല്‍ വഴിയുള്ള യാത്രാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും അന്താരാഷ്ട്ര വ്യാപാരത്തിന് സുരക്ഷ ഒരുക്കുകയും കപ്പല്‍ കൊള്ളയും ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ആക്രമണങ്ങളും തടയുകയുമാണ് സൈനിക സഖ്യത്തിന്റെ ലക്ഷ്യം.

മേഖലയിലുണ്ടാകുന്ന കപ്പല്‍ ആക്രമണങ്ങള്‍ക്കും കടല്‍ കൊള്ളകള്‍ക്കും പിന്നില്‍ ഇറാനാണെന്ന് ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരത്തെ ആരോപിച്ചിരുന്നു. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യമനിലെ ഹൂത്തി വിമതര്‍ പാകിയ സമുദ്രാന്തര്‍ മൈനുകള്‍ പലപ്പോഴും ചരക്കു കപ്പലുകളെ അപകടത്തില്‍ പെടുത്തിയിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ ഇറാന്‍ നിഷേധിക്കുകയാണ് പതിവ്.

ഇസ്രായേല്‍ പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം ബഹ്റൈന്‍ സന്ദര്‍ശിച്ച വേളയിലാണ് സൈനിക ഉദ്യോഗസ്ഥന് പ്രത്യേക താവളം അനുവദിക്കുന്നതിനെ കുറിച്ച് ബഹ്റൈനുമായി ധാരണയിലെത്തിയത്. ഇസ്രായേലുമായി സുരക്ഷാ സഹകരണ കരാറിലും ബഹ്റൈന്‍ ഒപ്പുവച്ചിരുന്നു. തലസ്ഥാന നഗരമായ മനാമയിലായിരിക്കും സ്ഥിരം കേന്ദ്രം സ്ഥാപിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇസ്രായേലി ബഹ്റൈനില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. അതേസമയം, ഇസ്രായേല്‍ നാവിക ഉദ്യോഗസ്ഥന്റെ നിയമനത്തെ കുറിച്ചും പ്രവര്‍ത്തന പരിധികളെ കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ മന്ത്രാലയം ലഭ്യമാക്കിയിട്ടില്ല. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയവും ഇതേക്കുറിച്ച് വെളിപ്പെടുത്തലുകളൊന്നും നടത്തിയിട്ടില്ല.

യുഎഇ, മൊറോക്കോ, സുഡാന്‍ എന്നീ അറബ് രാജ്യങ്ങള്‍ക്കൊപ്പം 2020 സെപ്തംബറില്‍ ഇസ്രായേലുമായുള്ള സഹകരണം സാധാരണ നിലയില്‍ ആക്കുന്നതുമായി ബന്ധപ്പെട്ട അബ്രഹാം കരാറില്‍ ബഹ്റൈനും ഒപ്പുവച്ചിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലായിരുന്നു ഈ രാജ്യങ്ങള്‍ ഇസ്രായേലുമായി കരാറില്‍ ഒപ്പിട്ടത്. അതിനു ശേഷം ഈ രാജ്യങ്ങളുമായി മികച്ച ബന്ധമാണ് ഇസ്രായേല്‍ പുലര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും എംബസികള്‍ ആരംഭിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.