സ്വന്തം ലേഖകൻ: വേനല്‍ച്ചൂട് പ്രമാണിച്ചുള്ള തൊഴില്‍ നിയന്ത്രണം ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. നിയന്ത്രണം പുറത്ത് സൂര്യാതാപം നേരിടുന്ന ഏതു ജോലി ചെയ്യുന്നവര്‍ക്കും ബാധകമാണെന്ന് തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ അറിയിച്ചു.
സൂര്യാഘാതം നേരിട്ടേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ രണ്ടു മാസക്കാലം, ഉച്ചക്ക് 12 മുതല്‍ നാലു മണിവരെ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കണം. ജൂലൈ ഒന്നുമുതല്‍ ആഗസ്ത് 31 വരെയാണ് നിയന്ത്രണം. ചൂട് വർധിക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പുറത്തെ സൈറ്റുകളില്‍ ഉച്ചക്ക് 12 മുതല്‍ നാലുമണിവരെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ലെന്നതാണ് മന്ത്രാലയത്തിന്റെ ഉത്തരവ്.
കൂടുതല്‍ ഇന്‍സ്പെക്ടര്‍മാരെ പരിശോധനക്കായി മന്ത്രാലയം നിയമിക്കും. പരിശോധനയില്‍ നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാല്‍ മൂന്നു മാസത്തിൽ കൂടാത്ത തടവുശിക്ഷയോ, 500 ദിനാര്‍ മുതല്‍ 1,000 ദിനാര്‍വരെ പിഴയോ ചുമത്തും. രണ്ടുശിക്ഷയും ഒരുമിച്ച് ലഭിക്കാവുന്നതാണ്. 2013 മുതലാണ് നിയന്ത്രണം നടപ്പാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല