സ്വന്തം ലേഖകൻ: പ്രവാസികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമുള്ള വൈദ്യുതി, വെള്ളം നിരക്കുകൾ കുറക്കണമെന്ന ആവശ്യവുമായി എം.പിമാർ. ഉയർന്ന യൂട്ടിലിറ്റി ബില്ലുകൾ നിക്ഷേപത്തെ തടസ്സപ്പെടുത്തുന്നതായും പ്രവാസി കുടുംബങ്ങൾ തിരിച്ചുപോകുന്നതിന് കാരണമാകുന്നതായും എം.പിമാർ ചൂണ്ടിക്കാട്ടി.
കോവിഡ് പ്രത്യാഘാതത്തിൽ വലഞ്ഞ ബിസിനസ് സ്ഥാപനങ്ങളെ രക്ഷിക്കുന്നതിന് വൈദ്യുതി ബിൽ കുറക്കേണ്ടത് അനിവാര്യമാണെന്ന് പാർലമെന്റിന്റെ പൊതു സേവന, പരിസ്ഥിതികാര്യ സമിതി അധ്യക്ഷൻ ബാദർ അൽ തമീമിയുടെ നേതൃത്വത്തിൽ അഞ്ച് എം.പിമാർ ചൂണ്ടിക്കാട്ടി. ചെലവ് കുറക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ പ്രവാസി കുടുംബങ്ങൾ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയി. നിരവധി ബിസിനസ് സ്ഥാപനങ്ങൾ സൗജന്യമായോ കുറഞ്ഞ നിരക്കിലോ വൈദ്യുതിയും വെള്ളവും ലഭിക്കുന്ന മേഖലയിലെ മറ്റു രാജ്യങ്ങളിലേക്ക് മാറുകയും ചെയ്തു.
ഒരു വീട് മാത്രമുള്ള ബഹ്റൈനികൾക്ക് ഒരു യൂനിറ്റ് വൈദ്യുതിക്ക് മൂന്നു ഫിൽസ് മാത്രമാണ് ചെലവ് വരുന്നത്. എന്നാൽ, പ്രതിമാസം 3000 യൂനിറ്റ് കടന്നാൽ അധികമായി ഉപയോഗിക്കുന്ന ഓരോ യൂനിറ്റിനും ഒമ്പതു ഫിൽസ് വീതം നൽകണം. 5000 യൂനിറ്റ് കടന്നാൽ യൂനിറ്റിന് 16 ഫിൽസ് വീതം നൽകണം. വെള്ളത്തിന് ഇത് യഥാക്രമം 25 ഫിൽസ്, 80 ഫിൽസ്, 200 ഫിൽസ് എന്നീ ക്രമത്തിലാണ്.
പ്രവാസികൾക്കുള്ള നിരക്ക് 2016 മുതൽ നിരവധി തവണ ഉയർന്നു. വൈദ്യുതി നിരക്ക് യൂനിറ്റിന് 29 ഫിൽസും വെള്ളത്തിന് യൂനിറ്റിന് 750 ഫിൽസുമാണ് നിലവിലെ നിരക്ക്. ഒന്നിലധികം വീടുള്ള ബഹ്റൈനികൾക്കും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ഉയർന്ന ജീവിതച്ചെലവ് കുറക്കാൻ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ ഇവിടെ ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങാൻ സംരംഭകർ മടികാണിക്കുമെന്ന് ബാദർ അൽ തമീമി പറഞ്ഞു.
കുടുംബങ്ങൾ തിരിച്ചുപോകുന്നതോടെ സ്കൂൾ, ഭക്ഷണം, ഗതാഗതം, വസ്ത്രം തുടങ്ങിയ കാര്യങ്ങൾക്ക് തുക ചെലവഴിക്കുന്നത് ഇല്ലാതാകുന്നു. കുടുംബനാഥൻ അത്യാവശ്യ കാര്യങ്ങൾക്കുള്ള ചെലവ് കഴിച്ച് ബാക്കി ശമ്പളം മുഴുവൻ നാട്ടിലേക്കയക്കുകയും ചെയ്യുന്നു. പ്രവാസികളുടെ യൂട്ടിലിറ്റി ബില്ലുകൾ കുറക്കണമെന്ന നിർദേശം 2020ൽ പാർലമെൻറ് അംഗീകരിച്ചിരുന്നു. എന്നാൽ, സർക്കാർ ഈ ആവശ്യം തള്ളുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല