സ്വന്തം ലേഖകൻ: റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്ക് ഇനി അധികൃതരിൽനിന്ന് മുൻകൂർ അനുമതി തേടണമെന്ന് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA). മുൻകൂർ അനുമതിയില്ലാതെ റിയൽ എസ്റ്റേറ്റ് പ്ലാനുകൾ പരസ്യപ്പെടുത്തുന്നത് ഒക്ടോബർ 18 മുതൽ നിരോധിക്കും. റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്കായി അതോറിറ്റി പ്രത്യേക മാർഗനിർദേശങ്ങൾ തയറാക്കിയിട്ടുണ്ട്.
ലൈസൻസുള്ള എല്ലാ സ്ഥാപനങ്ങളും ഈ നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണ്. സുതാര്യത നിലനിർത്തുകയും അനധികൃത പരസ്യങ്ങൾ നൽകി തെറ്റിദ്ധാരണ പ്രചരിപ്പിക്കാതിരിക്കാനുമാണ് ഭേദഗതി വരുത്തിയതെന്നും ‘റെറ’യുടെ (RERA) അറിയിപ്പിൽ പറയുന്നു.
പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് വസ്തുവിന്റെയോ, കെട്ടിടത്തിന്റെയോ ഉടമയുടെ സമ്മതം നേടിയിരിക്കണം. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളൊന്നും പരസ്യത്തിലുണ്ടാകരുത്. പരസ്യത്തിന്റെ ഉദ്ദേശ്യം വ്യക്തമായി നിർവചിക്കണം.
ലക്ഷ്യം കൈവരിച്ചുകഴിഞ്ഞാൽ, മൂന്ന് ദിവസത്തിനകം പരസ്യം അപ്ഡേറ്റ് ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്യണം. എല്ലാ പരസ്യങ്ങളിലും ‘റെറ’ നൽകുന്ന ക്യു.ആർ (QR) കോഡ്, ലൈസൻസിങ് വിവരങ്ങൾ എന്നിവയും പ്രദർശിപ്പിക്കണം. പരസ്യം ഉടമയിൽ നിന്ന് നേരിട്ടാണെങ്കിൽ, ഇത് വ്യക്തമായി സൂചിപ്പിക്കണം.
പ്രോപ്പർട്ടിയെ തെറ്റായി പ്രതിനിധാനം ചെയ്യുന്ന മാറ്റംവരുത്തിയ ചിത്രങ്ങൾ പരസ്യങ്ങളിൽ ഉപയോഗിക്കരുത്. ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ റിയൽ എസ്റ്റേറ്റ് പ്ലാനുകൾ പരസ്യപ്പെടുത്തുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല