1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2023

സ്വന്തം ലേഖകൻ: രാജ്യത്ത് പുതിയ തൊഴില്‍ നിയമം നടപ്പാക്കുമെന്ന് ബഹ്റൈൻ തൊഴില്‍ മന്ത്രിയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍. രാജ്യത്തിന്റെ സമ​ഗ്ര വികസനത്തിനും നിക്ഷേപക സൗഹൃദ അന്തരീക്ഷത്തിന് അനുകൂലമായ രീതിയിലുമായിരിക്കും പുതിയ തൊഴില്‍ നിയമം. വ്യവസായ വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം പ്രധാനം ചെയ്യണമെന്ന പ്രധാനമന്ത്രി പ്രിന്‍സ് സൽമാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ താത്പര്യത്തെ തുടർന്നാണ് നയം നടപ്പിലാക്കുന്നത്.

2023-2026 ലെ നാഷണൽ ലേബർ മാർക്കറ്റ് പ്ലാനിന് കാബിനറ്റ് അംഗീകാരം നൽകിയതിനെ തുടർന്നാണ് തൊഴിൽ മന്ത്രിയുടെ പ്രസ്താവന. ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, വ്യവസായ മന്ത്രാലയം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, എല്‍എംആര്‍എ, ലേബര്‍ ഫണ്ട്, സോഷ്യല്‍ ഇന്‍ഷൂറന്‍സ് ഓര്‍ഗനൈസേഷന്‍, ഇന്‍ഫോര്‍മേഷന്‍ എന്നിവ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.

പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി വിദ്യാഭ്യാസം പുനര്‍ നിര്‍ണയിക്കാനുമാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ ഇ ഗവണ്‍മെന്റ് അതോറിറ്റി, എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് ക്വാളിറ്റി അതോറിറ്റി എന്നിവയുമായുള്ള പങ്കാളിത്തം വര്‍ധിപ്പിക്കാനും സഹായിക്കും. പദ്ധതി സ്ത്രീകള്‍ക്ക് കൂടുതൽ പ്രാധാന്യം നല്‍കുന്നു. തൊഴില്‍ വിപണിയില്‍ സ്ത്രീകളെ കൂടുതലായി എത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

നൂതന സാങ്കേതിക പരിശീലനത്തിനും അവസരമൊരുക്കും. തൊഴിൽ വിപണിയുടെ ആവശ്യകതകൾക്കനുസൃതമായി സാങ്കേതികവും തൊഴിലധിഷ്ഠിതവുമായ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം സാങ്കേതികവും പ്രായോഗികവുമായ കോഴ്‌സുകൾ ഉൾക്കൊള്ളുന്ന പരിശീലന ഓപ്ഷനുകൾ വിദ്യാർഥികൾക്ക് ഒരുക്കും.

സ്വദേശികളേയും വിദേശികളേയും ജോലിക്ക് നിയമിക്കുമ്പോള്‍ ചെലവുകളിലുള്ള വ്യത്യാസം കുറച്ചുക്കൊണ്ടുവരുകയും ഇതിലൂടെ സ്വകാര്യമേഖലയില്‍ സ്വദേശിവത്കരണം ഫലപ്രദമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്ന തൊഴിലന്വേഷകര്‍ക്കായി പരിശീലനവും ശേഷി വർധിപ്പിക്കാൻ സംരംഭങ്ങളും പ്രോഗ്രാമുകളും ആരംഭിക്കും. സ്വദേശികളുടെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ധനസഹായവും സാങ്കേതിക കൺസൾട്ടേഷനും മറ്റ് സേവനങ്ങളും നൽകും.

തൊഴിൽ വിപണിയിൽ പൗരന്മാരുടെയും വിദേശികളുടെയും സന്തുലിതാവസ്ഥ നിലനിർത്തും. നിയമവിരുദ്ധ പ്രവൃത്തികൾ അവസാനിപ്പിക്കുമെന്നും തൊഴിലാളികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നിയമങ്ങളും ചട്ടങ്ങളും വികസിപ്പിക്കുമെന്നും പദ്ധതിയിൽ പറയുന്നു. ജോലിസ്ഥലത്ത് ആരോഗ്യവും സുരക്ഷയും പ്രോത്സാഹിപ്പിക്കുമെന്നും തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നും തൊഴിൽ നയം വ്യക്തമാക്കുന്നു.

സ്വകാര്യ മേഖലയുമായി ചേർന്നായിരിക്കും പദ്ധതി നടപ്പാക്കുക. പാർട്ട് ടൈം തൊഴിൽ, റിമോട്ട് വർക്ക് എന്നിങ്ങനെയുള്ള എല്ലാ തൊഴിൽ രീതികളും തൊഴിൽ വിപണിയിൽ പ്രയോഗിക്കാൻ സ്ഥാപനങ്ങളെയും കമ്പനികളെയും പ്രോത്സാഹിപ്പിക്കും. സർക്കാരും സ്വകാര്യ മേഖലയും തമ്മിലുള്ള പങ്കാളിത്തം വിപുലീകരിക്കുന്നതിന് സഹായകരമായ നടപടികൾ ആവിഷ്കരിക്കും. രാജ്യത്ത് പ്രാദേശിക, വിദേശ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുതകുന്ന രീതിയിൽ നിലവിലുള്ള നിയന്ത്രണങ്ങളെയും നിയമങ്ങളെയും ഏകീകരിക്കും.

2021-2023 കാലയളവിലെ മുൻ പദ്ധതിയുടെ 91ശതമാനവും പൂർത്തിയാക്കിയെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലയിൽ പൗരന്മാരുടെ തൊഴിൽ നിരക്ക് വർദ്ധിപ്പിക്കുന്നതിന് മുൻ പദ്ധതി കാരണമായിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തികം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുൻ പദ്ധതി തയാറാക്കിയിരുന്നത്. പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാനും തൊഴിൽ ലഭ്യത ഉറപ്പുവരുത്താനും സാധിക്കുന്ന തരത്തിൽ പരിശീലന പരിപാടികൾ ആരംഭിച്ചിരുന്നു. നിലവിലെ പദ്ധതിയിൽ ശേഷിക്കുന്ന സംരംഭങ്ങൾ പൂർത്തീകരിക്കുമെന്നും മന്ത്രി ഹുമൈദാൻ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.