സ്വന്തം ലേഖകൻ: പുതിയ തൊഴിലുടമയുടെ കീഴിലോ, കമ്പനികളിലേക്കോ ജോലി മാറ്റം വാങ്ങിയവർ ലേബർ മാർക്കറ്റിങ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ ) യുടെ പിടിയിൽ ആകുന്നത് ബഹ്റൈനിൽ പതിവു കാഴ്ചയായി. വെറുമൊരു ഓഫർ ലെറ്ററിന്റെ ബലത്തിൽ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചവരാണ് ഇത്തരത്തിൽ പിടിയിലായി പിഴ ഒടുക്കേണ്ടി വരുന്നത്. ഉദ്യോഗാർഥിക്ക് 100 ദിനാറും തൊഴിലുടമയ്ക്ക് 1000 ദിനാറുമാണ് പിഴ ചുമത്തുന്നത്. തൊഴിലുടമയ്ക്ക് ഓൺലൈൻ വഴി പിഴ അടച്ച് കേസിൽ നിന്ന് ഒഴിവാകാൻ പ്രയാസമില്ല.
എന്നാൽ ഉദ്യോഗാർഥി പ്രോസിക്യുഷനിൽ നിന്ന് സമൻസ് കൈപ്പറ്റി പിഴ അടച്ച ശേഷം ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൂടി തരപ്പെടുത്തിക്കഴിഞ്ഞാൽ മാത്രമേ പിന്നീട് ഏതൊരു ജോലിക്കും അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. ഇതിന് കാലതാമസം എടുക്കും. ചിലരുടെ കേസിൽ പിഴ സംഖ്യ കൂടാതെ നാട് കടത്താനും വിധിക്കുന്നുണ്ട്. വിധിക്കെതിരെ അപ്പീൽ പോകാനുള്ള അവസരം ഉണ്ടെങ്കിലും നിയമ വിദഗ്ധരുടെ ഫീസ് ഇനത്തില്‍ ഉദ്യോഗാർഥിക്ക് നല്ലൊരു തുക ചിലവാകും.
ഈ അവസരത്തിൽ പലരും സാമൂഹിക പ്രവർത്തകരുടെയും നിയമ വിദഗ്ധരുടെയും സഹായം തേടുകയാണ് പതിവ്. അത് കൊണ്ട് ഓഫർ ലെറ്റർ മാത്രം കൈപ്പറ്റി തൊഴിലുടമ ആവശ്യപ്പെട്ടാലും ജോലിക്ക് ഹാജരാകുന്നത് തീർത്തും തെറ്റാണെന്ന് സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിലുള്ള നിരവധി കേസുകൾ തങ്ങൾക്ക് മുന്നിൽ എത്തിയതായി പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് പറഞ്ഞു.
പുതിയ ജോലിയിലേക്ക് മാറാൻ കമ്പനിയോ തൊഴിലുടമയോ നൽകുന്ന ഓഫർ ലെറ്റർ ഒരിക്കലും തൊഴിൽ ആരംഭിക്കാനുള്ള ആധികാരികമായ രേഖ അല്ല. ഉദ്യോഗാർഥിയുടെ എല്ലാ രേഖകളും എൽഎംആർഎയിൽ സമർപ്പിച്ചതിന് ശേഷം റെസിഡൻസ് പെർമിറ്റ് നേടി (മെഡിക്കൽ എടുത്തിട്ടില്ലാത്തവർ ആണെങ്കിൽ അതും എടുക്കണം) യാൽ മാത്രമേ ജോലിയിൽ പ്രവേശിക്കാവൂ എന്ന് സാമൂഹ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. ഇത് അറിയാതെ പലരും അധികൃതരുടെ പിടിയിലാകുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല