സ്വന്തം ലേഖകൻ: നാണയം കൈയിലില്ലെന്ന കാരണത്താൽ ഇനി വാഹനം പാർക്ക് ചെയ്യാനാകാതെ വിഷമിക്കേണ്ടതില്ല. കോയിൻ ഓപറേറ്റഡ് പാർക്കിങ് മീറ്ററുകൾക്ക് പകരം പുതിയ ഡിജിറ്റൽ സ്മാർട്ട് പാർക്കിങ് മീറ്ററുകൾ രാജ്യത്തുടനീളം വരുന്നു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന പുതിയ സ്മാർട്ട് പാർക്കിങ് മീറ്ററുകൾ വ്യാപാരമേഖലക്കും ഉണർവേകുമെന്നാണ് കരുതുന്നത്.
നാണയമിട്ട് പ്രവർത്തിക്കുന്ന പാർക്കിങ് മീറ്ററുകൾ ഡിജിറ്റൽ യുഗത്തിൽ പലർക്കും പ്രശ്നം സൃഷ്ടിക്കുന്നു എന്ന പരാതിയുയർന്നിരുന്നു. പോക്കറ്റിൽ 100 ഫിൽസ് കോയിൻ ഇല്ലാത്തതിനാൽ പാർക്കിങ് ഫീസ് കൊടുക്കാതിരിക്കുകയും തിരിച്ചുവരുമ്പോൾ വൻ തുക പിഴയായി കൊടുക്കേണ്ടിവരുകയും ചെയ്യുന്ന അവസ്ഥ പലർക്കുമുണ്ടായിരുന്നു. അത് ഷോപ്പിങ് ഉപേക്ഷിക്കാനും കാരണമായിരുന്നു.
ഇതെല്ലാം പരിഗണിച്ച് പഴയ പാർക്കിങ് മീറ്ററുകൾ ഘട്ടംഘട്ടമായി മാറ്റി പുതിയ ഡിജിറ്റൽ മീറ്ററുകൾ സ്ഥാപിക്കാനാണ് തീരുമാനം. പരിസ്ഥിതി സൗഹൃദമായ പുതിയ മീറ്ററുകൾ വർക്ക്സ് മന്ത്രാലയം, മനാമയുടെയും റിഫയുടെയും ഭാഗങ്ങളിൽ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. 15 കാർ പാർക്കിങ് സ്ഥലങ്ങൾക്ക് ഒരു മീറ്റർ വീതമാണ് സ്ഥാപിക്കുന്നത്. റോഡരികിലെ പാർക്കിങ്ങിന് 30 മിനിറ്റിന് 100 ഫിൽസ് ആണ് ഫീസ്. രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെയാണ് ഫീസ് ഈടാക്കുന്നത്. പാർക്കിങ് ഫീസ് അടക്കാതിരിക്കുക, അനുചിതമായി പാർക്ക് ചെയ്യുക എന്നീ കുറ്റങ്ങൾക്ക് ഇപ്പോൾ 10 ദീനാറാണ് പിഴ.
നാണയങ്ങൾ ഉപയോഗിക്കുന്നതിനു പകരം വിവിധ ഇലക്ട്രോണിക് മാർഗങ്ങളിലൂടെ പാർക്കിങ്ങിന് പണം നൽകാൻ സഹായകമാണ് പുതിയ സംവിധാനമെന്ന് പാർലമെന്റിന്റെ വിദേശകാര്യം, പ്രതിരോധം, ദേശീയ സുരക്ഷ സമിതി വൈസ് ചെയർപേഴ്സൻ ഡോ. മർയം അൽദേൻ പറഞ്ഞു. വാഹനങ്ങൾ തിരിച്ചറിയുന്നതിനും പാർക്കിങ് എവിടെ ലഭ്യമാണെന്ന് അറിയാനും പുതിയ ഡിജിറ്റൽ സംവിധാനം സഹായകമാകും.
സ്മാർട്ട് ഫോണിലൂടെയോ കോൺടാക്റ്റ്ലെസ് കാർഡിലൂടെയോ വേഗത്തിൽ പണമടക്കാനാകും. നാണയങ്ങൾക്കായി പരതുന്ന സമയവും പരമ്പരാഗത മീറ്ററുകളിൽ നാണയമിടാനായി കാത്തുനിൽക്കേണ്ട സമയവും ലാഭിക്കാൻ ഇതുവഴി കഴിയും. മാത്രമല്ല, നാണയം നിറയുമ്പോൾ മീറ്ററുകൾ തുറന്ന് അവ മാറ്റുന്ന പ്രവൃത്തിയും ഒഴിവാക്കാൻ കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല