![](https://www.nrimalayalee.com/wp-content/uploads/2020/12/Bahrain-Health-Ministry-40-Guidelines-Labor-Camps.jpg)
സ്വന്തം ലേഖകൻ: ബഹ്റൈനിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. രാജ്യത്തെ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലിചെയ്യുന്ന പ്രവാസി ജീവനക്കാരെ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. അഹ്മദ് അല്‍ അന്‍സാരി അധ്യക്ഷനായ പാര്‍ലമെന്റിന്റെ സര്‍വീസ് കമ്മിറ്റിയാണ് പ്രവാസികളെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള നിര്‍ദേശം മുന്നോട്ട് വെച്ചത്.
പ്രവാസികള്‍ക്കും പെന്‍ഷന്‍ പദ്ധതിയില്‍ ഇടം നല്‍കണമെന്ന ശിപാര്‍ശ സര്‍ക്കാരിന്റെ പരിഗണനക്ക് സമര്‍പ്പിച്ചതായി സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെന്‍ഷന്‍ നിയമത്തില്‍ പ്രവാസികളെയും ഉള്‍പ്പെടുത്തുന്നതു വഴി പ്രതിവര്‍ഷം 200 മില്യണ്‍ ദിനാര്‍ നേടാന്‍ കഴിയുമെന്നാണ് സോഷ്യല്‍ ഇന്‍ഷൂറന്‍സ് ഓര്‍ഗനൈസേഷന്റെ കണക്കു കൂട്ടല്‍.
പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ പൊതു, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ പ്രതിമാസം നിശ്ചിത തുക പെന്‍ഷന്‍ ഫണ്ടിലേക്ക് അടക്കണമെന്നാണ് ശുപാര്‍ശയില്‍ വ്യവസ്ഥ ചെയ്യുന്നത്. സേവനം അവസാനിക്കുേമ്പാള്‍ ഇവര്‍ക്ക് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്ന രീതിയിലായിരിക്കും പദ്ധതി. പ്രവാസികളെ കൂടി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് പെന്‍ഷന്‍ ഫണ്ടില്‍ മതിയായ നിക്ഷേപം ഉറപ്പ് വരുത്തുമെന്ന് ചില പാര്‍ലിമെന്റ് അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു.
ബഹ്റൈന്‍ പൗരന്മാരല്ലാത്തവര്‍ക്ക് സോഷ്യല്‍ ഇന്‍ഷുറന്‍സ് നിര്‍ത്തലാക്കിയ 1977ലെ നിയമം പിന്‍വലിക്കണമെന്നും ചില എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 1977 വരെ സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികളും പെന്‍ഷന്‍ ഫണ്ടിന്റെ പരിധിയില്‍ വന്നിരുന്നു. പുതിയ ശിപാര്‍ശ അനുസരിച്ച് ചുരുങ്ങിയ വിരമിക്കല്‍ പ്രായം 55 വയസായാണ് കണക്കാക്കുക. തൊട്ടുമുമ്പുള്ള അഞ്ച് വര്‍ഷത്തെ ശരാശരി ശമ്പളം അടിസ്ഥാനമാക്കിയായിരിക്കും പെന്‍ഷന്‍ തുക നിര്‍ണിയിക്കുക.
അതിനിടെ, ബഹ്‌റൈന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് വന്‍ തുക ഗ്രാറ്റുവിറ്റിയായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന ശുപാര്‍ശ പാര്‍ലമെന്റ് ഉടന്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്റ് അംഗം ഒത്മാന്‍ മുഹമ്മദ് ശരീഫാണ് ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം പ്രവാസികള്‍ ജോലിയില്‍ നിന്ന് വിരമിക്കുന്ന സമയത്ത് വലിയ തുക ഗ്രാറ്റുവിറ്റിയായി ലഭിക്കും.
വിരമിക്കുന്ന സമയത്തെ വാര്‍ഷിക ശമ്പളത്തിന്റെ 15 ശതമാനം കണക്കാക്കി അതിനെ ആകെയുള്ള സര്‍വീസ് വര്‍ഷം കൊണ്ട് ഗുണിച്ചാണ് ഗ്രാറ്റുവിറ്റി തുക കണക്കാക്കുക. സ്‌കീമില്‍ അംഗമാവുന്ന പ്രവാസി ജീവനക്കാരന്‍ സര്‍വീസിനടയില്‍ മരണപ്പെടുകയോ മറ്റോ ചെയ്യുകയാണെങ്കിലും ഗ്രാറ്റുവിറ്റി തുക ലഭിക്കും. ആകെയുള്ള സര്‍വീസിനൊപ്പം അഞ്ച് വര്‍ഷം അധികമായി ചേര്‍ത്താണ് ഇവരുടെ ഗ്രാറ്റുവിറ്രി തുക കണക്കാക്കുക.
അതേസമയം മാസ ശമ്പളത്തിന്റെ ഏഴ് ശതമാനം ജീവനക്കാരന്‍ വരിസംഖ്യയായി അടയ്ക്കണം. എട്ട് ശതമാനം തുക സര്‍ക്കാരും അടയ്ക്കും. 1305 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 3100ഓളം പ്രവാസികള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല