സ്വന്തം ലേഖകൻ: 15 വർഷത്തിലധികം ബഹ്റൈനിൽ താമസിക്കുന്ന വിദേശ പൗരന്മാർക്ക് നിബന്ധനകളോടെ പ്ലാറ്റിനം വിസ അനുവദിക്കുന്നതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉത്തരവിറക്കി. കഴിഞ്ഞ അഞ്ച് വർഷമായി 4000 ദീനാറിൽ കുറയാത്ത വരുമാനമോ വേതനമോ ലഭിക്കുന്നവരായിരിക്കണം. കേസുകളിൽ പ്രതിയല്ലാത്ത വിശ്വസ്തരായ ആളുകൾക്കാണ് ഇതിന് അർഹതയുണ്ടാവുക. ബഹ്റൈനികളല്ലാത്തവർക്ക് ഭൂമി വാങ്ങാൻ കഴിയുന്ന ഏരിയകളിൽ ഇവർക്ക് ഭൂമി സ്വന്തമാക്കാനും കഴിയും.
അതിനിടെ ബഹ്റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധ ജോലിക്കാരെയും കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കി. അവധി ദിവസങ്ങളിലടക്കം പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. പ്രവാസികൾ അവരുടെ വീസ നിയമവിധേയമാക്കാനുള്ള നടപടികൾ നിർബന്ധമായും സ്വീകരിക്കണമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി ആവശ്യപ്പെട്ടു.
നിയമ വിധേനയല്ലാതെ രാജ്യത്ത് തങ്ങുന്ന തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധനകൾ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ നേത്യത്വത്തിലാണു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. പരിശോധനയിൽ തൊഴിലാളികൾ നിയമ വിധേയമല്ലെന്ന് വ്യക്തമായാൽ തൊഴിലുടമക്ക് 1000 ദീനാറാണ് പിഴ അടക്കേണ്ടിവരുക.
അനധിക്യത തൊഴിലാളി 100 ദിനാർ പിഴ അടക്കേണ്ടിവരൂകയും നാടുകടത്തലടക്കമുള്ള നിയമ നടപടികൾ നേരിടേണ്ടി വരുകയും ചെയ്യും. തൊഴിൽ വിപണിയിലെ അനധികൃത പ്രവണതകൾ നിയന്ത്രിക്കുന്നതിനും നിയമവിരുദ്ധ നടപടികൾ പരിഹരിക്കുന്നതിനുമായി എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ നടത്തിവരുകയാണെന്ന് എൽ.എം.ആർ.എ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല