1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2022

സ്വന്തം ലേഖകൻ: ബഹ്റൈനിൽ സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികളിൽ 71 ശതമാനവും പ്രതിമാസം 200 ദീനാറിന് താഴെ ശമ്പളമുള്ളവർ. സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ പ്രസിദ്ധീകരിച്ച 2022 ആദ്യപാദത്തിലെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 4,35,443 പ്രവാസികളാണ് രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത്.

ഇവരിൽ 3,10,525 പേരും പ്രതിമാസം 200 ദീനാറിൽ താഴെ ശമ്പളം വാങ്ങുന്നവരാണ്. ഈ വിഭാഗത്തിൽ വരുന്നവരിൽ 2,92,824 പേർ പുരുഷൻമാരും 17,701 പേർ സ്ത്രീകളുമാണ്. 14 ശതമാനം പേരാണ് 200നും 399നും ഇടയിൽ ശമ്പളം വാങ്ങുന്നത്. 400നും 599നും ഇടയിൽ ശമ്പളം വാങ്ങുന്നവർ ഏഴ് ശതമാനവും 600നും 799നും ഇടയിൽ ശമ്പളമുള്ളവർ രണ്ട് ശതമാനവും 800നും 999നും ഇടയിൽ ശമ്പളം വാങ്ങുന്നവർ ഒരു ശതമാനവുമാണ്. ആകെ പ്രവാസി ജീവനക്കാരിൽ നാല് ശതമാനം പേരാണ് 1000 ദീനാറിന് മുകളിൽ ശമ്പളം നേടുന്നത്.

അതേസമയം, സ്വദേശികളിൽ 200 ദീനാറിൽ താഴെ ശമ്പളം വാങ്ങുന്നത് രണ്ട് ശതമാനം പേർ മാത്രമാണ്. ആകെ 98,428 സ്വദേശികളാണ് സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നത്. ഇവരിൽ 40 ശതമാനവും 200നും 399നും ഇടയിൽ ശമ്പളം വാങ്ങുന്നവരാണ്. 19 ശതമാനം പേർ 1000 ദീനാറിന് മുകളിൽ ശമ്പളമുള്ളവരാണ്. സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരിൽ 63,738 പേർ പുരുഷൻമാരും 34,690 പേർ സ്ത്രീകളുമാണ്.

സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്ത പ്രവാസികളുടെ എണ്ണത്തിൽ ഈ വർഷം ആദ്യപാദത്തിൽ നാലു ശതമാനം വർധന രേഖപ്പെടുത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2018 മുതൽ തൊഴിലാളികളുടെ എണ്ണം ഓരോ വർഷവും കുറഞ്ഞുവന്ന സ്ഥാനത്താണ് ഇത്തവണ മാറ്റമുണ്ടായത്.

2018ൽ 4,97,366 പ്രവാസി തൊഴിലാളികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. മുൻവർഷത്തേക്കാൾ ഒരു ശതമാനം കുറവ്. 2019ൽ ഇത് നാലു ശതമാനം കുറഞ്ഞ് 4,77,741 ആയി. 2020ൽ 12 ശതമാനം കുറവാണ് മൊത്തം പ്രവാസി തൊഴിലാളികളുടെ കാര്യത്തിലുണ്ടായത്. 4,21,068 തൊഴിലാളികളാണ് ആ വർഷം സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്തത്. അതേസമയം, കഴിഞ്ഞ വർഷം കേവലം 0.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2021ൽ 4,19,438 പ്രവാസി തൊഴിലാളികളാണ് രാജ്യത്തുണ്ടായിരുന്നത്.

സ്വകാര്യമേഖലയിൽ ജോലിചെയ്യുന്നവരിൽ 42 ശതമാനവും 30നും 39നും ഇടയിൽ പ്രായമുള്ളവരാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 20 വയസ്സിൽ താഴെയുള്ള പ്രവാസികൾ 0.4 ശതമാനമാണ്. 20 ശതമാനം പേർ 20നും 29നും ഇടയിൽ പ്രായമുള്ളവരും 26 ശതമാനം പേർ 40നും 49നും ഇടയിൽ പ്രായമുള്ളവരുമാണ്. 50നും 59നും ഇടയിൽ പ്രായമുളളവർ 10 ശതമാനം പേരാണ്. 60ന് മുകളിൽ പ്രായമുള്ള രണ്ട് ശതമാനം പേരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.

പ്രവാസി തൊഴിലാളികളുടെ ശരാശരി പ്രതിമാസ ശമ്പളം 264 ദീനാറാണ്. ഇക്കാര്യത്തിൽ പുരുഷൻമാരേക്കാൾ സ്ത്രീകളാണ് മുന്നിൽ. സ്ത്രീകളുടെ ശരാശരി മാസ ശമ്പളം 352 ദീനാറും പുരുഷൻമാരുടേത് 255 ദീനാറുമാണ്. സ്വകാര്യ മേഖലയിലെ സ്വദേശികളുടെ ശരാശരി ശമ്പളം 779 ദീനാറാണ്. പുരുഷൻമാർക്ക് ശരാശരി 866 ദിനാറും സ്ത്രീകൾക്ക് 618 ദീനാറുമാണ് ശമ്പളം ലഭിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.