സ്വന്തം ലേഖകൻ: ബഹ്‌റൈനിൽ താമസവിസ, തൊഴിൽ നിയമം എന്നിവ ലംഘിച്ചവരെ കണ്ടെത്തുന്നതിന് ദക്ഷിണ ഗവർണറേറ്റ് പൊലീസ് പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടസത്തിയ പരിശോധനയിൽ താമസ വിസയില്ലാത്തവരെയും തൊഴിൽ നിയമം ലംഘിച്ചവരെയും പിടികൂടി.
വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന് നാല് ഗവർണറേറ്റ് പരിധിയിലും പരിശോധന തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം കാപിറ്റൽ ഗവർണറേറ്റ് പരിധിയിൽ പരിശോധന നടത്തുകയും 17 പേരെ പിടികൂടുകയും ചെയ്തിരുന്നു.
ദക്ഷിണ മേഖല ഗവർണറേറ്റ് പരിധിയിൽ നടത്തിയ പരിശോധനയിൽ നിയമ ലംഘകരെ പിടികൂടുകയും വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുകയും പിടികൂടിയ വസ്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. നിയമ ലംഘകർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
എൽ.എം.ആർ.എ, നാഷണാലിറ്റി, പാസ്‌പോർട്ട് ആന്റ് റെസിഡൻറ്‌സ് അതോറിറ്റി, വാണിജ്യ, വ്യവസായ മന്ത്രാലയം, കാപിറ്റൽ മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ കാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയരക്ടറേറ്റാണ് പരിശോധന നടത്തിയത്.
മോഷണം നടത്തിയ വസ്തുക്കൾ വിൽപന നടത്തുന്നുണ്ടോയെന്ന പരിശോധനയും കടകളിൽ നടത്തി. സ്ഥാപനങ്ങളിൽ തൊഴിൽ പരിശോധനയും നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധനയും നടത്തിയതിലൂടെ 17 ഏഷ്യൻ വംശജരെ പിടികൂടിയിരുന്നു. 46 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പിടികൂടപ്പെട്ട തൊഴിലാളികളെ നിയമ നടപടികൾക്ക് വിധേയമാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല