1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2023

സ്വന്തം ലേഖകൻ: രാജ്യത്ത് ചൂട് മൂർധന്യത്തിൽ എത്തിയതോടെ വെന്തുരുകി പുറം സ്‌ഥലങ്ങളിലും മറ്റും ജോലി ചെയ്യുന്നവർ. രാജ്യത്ത് ഉച്ചവിശ്രമം നിയമം കർശനമാക്കിയിട്ടുണ്ടെങ്കിലും വരണ്ട കാലാവസ്‌ഥയും ചൂടും പുറം സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്നവരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളെപ്പോലെ, ബഹ്‌റൈനിലും കാലാവസ്ഥാ വ്യതിയാനം മൂലം ഉയർന്ന താപനിലയും വരണ്ട കാലാവസ്‌ഥയും വർധിച്ചിട്ടുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.

ബഹ്‌റൈനിലെ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ നിർജ്ജലീകരണത്തെക്കുറിച്ചുള്ള ബോധവൽക്കരണവും കുടിവെള്ള വിതരണവും നടത്തിവരുന്നുണ്ടെങ്കിലും പതിനായിരക്കണക്കിന് വരുന്ന തൊഴിലാളികൾക്കിടയിൽ ചെറിയ ശതമാനത്തിനിടയിൽ മാത്രമാണ് ഇത് പ്രയോഗികമാകുന്നത്. ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ചൂടിൽ കുറച്ചൊക്കെ പിടിച്ചു നിൽക്കുമെങ്കിലും കേരളത്തിൽ നിന്നുള്ളവർക്ക് വലിയ പ്രയാസമാണ് അനുഭവപ്പെടുന്നതെന്ന് ഒരു തൊഴിലുടമ പറഞ്ഞു.

തൊഴിലാളികൾക്ക് ഒപ്പം തന്നെ ജോലി ചെയ്യുന്ന സിവിൽ എൻജിനീയർമാർ, സൂപർവൈസർമാർ തുടങ്ങി സാങ്കേതിക രംഗത്തെ വിദഗ്ധർ അടക്കമുള്ളവരെയും ചൂട് സാരമായി ബാധിക്കുന്നുണ്ട്. ഈ വിഭാഗത്തിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കാണ് കൂടുതൽ ദുരിതം. തൊഴിലിടങ്ങളിൽ നിര്ബന്ധമായി ധരിക്കേണ്ടുന്ന സുരക്ഷാ വസ്ത്രങ്ങളും കൂടി ധരിക്കേണ്ടി വരുന്നത് ഈ കാലാവസ്‌ഥയിൽ കടുത്ത ശാരീരിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.

പുറം സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വിശ്രമിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ തൊഴിലിടങ്ങളിൽ തന്നെ ഒരുക്കിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ ചൂടിൽ ഒരുക്കുന്ന താൽക്കാലിക സംവിധാങ്ങളിൽ ഒന്നിലും ശരിയായ രീതിയിൽ ശീതീകരണ സംവിധാനം പോലും നടപ്പിലാക്കാൻ പല തൊഴിലുടമകൾക്കും സാധ്യമാകുന്നില്ല.

ചൂടുകാലത്ത് പുറം ജോലികളിൽ ഏർപ്പെട്ടിട്ടുള്ള തൊഴിലാളികൾക്ക് ജോലിസ്‌ഥലത്തേയ്ക്കും തിരിച്ചുമുള്ള യാത്രകൾ വലിയ ദുരിതം നിറഞ്ഞതാണ്. ശീതീകരണ സംവിധാനം ഉണ്ടെങ്കിൽ പോലും സൈറ്റുകളിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ പലപ്പോഴും ഈ സംവിധാനം പ്രവർത്തിച്ചുവരണമെങ്കിൽ വലിയ ദൂരം ഓടേണ്ടതുണ്ട്. ജോലിസ്‌ഥലത്ത് തന്നെ വിയർത്തു കുളിച്ച അവസ്‌ഥയിലാണ് തൊഴിലാളികൾ വാഹനങ്ങളിൽ കയറുന്നത്.

വേനൽ കടുത്തതോടെ ബഹ്‌റൈനിൽ ആളുകൾ വീടിനുള്ളിലേയ്ക്ക് തന്നെ വലിയുന്നു എന്നുള്ള സൂചനകളാണ് കഴിഞ്ഞ ദിവസം വൈദ്യുതി വകുപ്പ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. എയർ കണ്ടീഷനിങ് സംവിധാനങ്ങളുടെ എക്കാലത്തെയും നിലവിലുള്ള ഉപയോഗം മൂലം ഓഗസ്റ്റ് മൂന്നിലെ വൈദ്യുതി ഉപഭോഗം 3798 മെഗാവാട്ട് എന്ന ഏറ്റവും ഉയർന്ന റെക്കോഡിൽ രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ 3,708 മെഗാവാട്ട് എന്ന റെക്കോർഡ് മറികടന്നാണ് ഈ വര്ഷം വൈദ്യുതി ഉപയോഗം ഇത്രയും വർധിച്ചത്. ബഹ്‌റൈൻ ചരിത്രത്തിലെ സർവ്വകാല റെക്കോർഡ് ആണിത്.

ഉയർന്ന താപനിലയും ഹ്യൂമിഡിറ്റിയും കാരണം ആളുകൾ എയർ കണ്ടീഷനിങ് സിസ്റ്റങ്ങളെ ആശ്രയിക്കുന്നത് കൂടുതലായി എന്നതാണ് ഇതിനു കാരണം. ഫ്‌ളാറ്റുകളുടെ ഏറ്റവും മുകളിലെ നിലയിലുള്ളവർക്ക് വലിയ തോതിലുള്ള ചൂടാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. അവർക്ക് 24 മണിക്കൂറും എയർ കണ്ടീഷനിങ് സംവിധാനങ്ങളെ ആശ്രയിക്കേണ്ട അവസ്‌ഥയാണ്‌ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഭവപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.