സ്വന്തം ലേഖകന്‍: ബഹ്‌റൈനില്‍നിന്നു വിദേശികള്‍ സ്വരാജ്യത്തേക്ക് പണം അയയ്ക്കുമ്പോള്‍ ഫീസ് ഈടാക്കണമെന്ന നിര്‍ദേശവുമായി പ്രതിനിധിസഭ. മുന്നൂറ് ദിനാറില്‍ കുറവു പണം അയയ്ക്കുമ്പോള്‍ ഒരുദിനാറും കൂടുതല്‍ അയയ്ക്കുമ്പോള്‍ 10 ദിനാറും ചുമത്താനാണു നീക്കം. ഇതിലൂടെ ഖജനാവിലേക്കു കുറഞ്ഞതു ഒന്‍പതു കോടി ദിനാര്‍ എത്തുമെന്നും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു അയവ് ഉണ്ടാകുമെന്നും നി!ര്‍ദേശം സമര്‍പ്പിച്ച ജമാല്‍ ദാവൂദ് എംപി പറഞ്ഞു.
പത്തുലക്ഷം പ്രവാസികളാണു രാജ്യത്തുള്ളത്. ഒരു ദിനാര്‍ വീതം നല്‍കുന്നത് ഇവര്‍ക്കു അധികബാധ്യത ആകില്ലെന്നും എന്നാല്‍ രാജ്യത്തിനു ഗുണകരമാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധി നേരിടാന്‍ എല്ലാവരും ഒപ്പം നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
പ്രതിനിധി സഭയില്‍ വോട്ടിനിടുന്നതിനു മുന്‍പ് ലെജിസ്ലേറ്റീവ് ആന്‍ഡ് ലീഗല്‍ അഫയേഴ്‌സ്, ഫിനാന്‍ഷ്യല്‍ ആന്‍ഡ് ഇക്കണോമിക് എന്നീ രണ്ടു കമ്മിറ്റികള്‍ പുതിയ നിര്‍ദേശം പഠിക്കും. നിക്ഷേപത്തിനു അരശതമാനം ചാര്‍ജ് ഈടാക്കുന്നതു സംബന്ധിച്ചു മുന്‍പു കൗണ്‍സില്‍ പാസാക്കിയ നിര്‍ദേശം നടപ്പിലായിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല