സ്വന്തം ലേഖകൻ: ടൂറിസ്റ്റ് വീസയിൽ ബഹ്റൈനിലെത്തിയശേഷം പ്രവാസികൾ തൊഴിൽവീസയിലേക്ക് മാറുന്നത് വിലക്കണമെന്ന് എം.പിമാരുടെ സമിതി. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽ.എം.ആർ.എ) പ്രവർത്തനം സംബന്ധിച്ച് അന്വേഷിക്കുന്ന സമിതിയുടെ ശിപാർശകളിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 39 ശിപാർശകളാണ് മംദൂഹ് അൽ സാലിഹ് ചെയർമാനായ സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്.
എൽ.എം.ആർ.എ ചെയർമാനും തൊഴിൽ മന്ത്രിയുമായ ജമീൽ ഹുമൈദാനോട് ചൊവ്വാഴ്ച പാർലമെന്റ് സെഷനിൽ ഇക്കാര്യം ചർച്ച ചെയ്യാനായി എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുതിർന്ന എൽ.എം.ആർ.എ ഉദ്യോഗസ്ഥരേയും വിളിപ്പിച്ചു. 2019 മുതൽ 2023 ജൂൺവരെ കാലയളവിൽ ടൂറിസ്റ്റ് വീസയിൽ വന്ന 85,246 പ്രവാസികൾക്ക് വീസ മാറ്റാൻ അനുമതി നൽകിയതായി കമ്മിറ്റി ചൂണ്ടിക്കാട്ടി. 2021ൽ 9424 വീസകൾ ഇങ്ങനെ മാറി. 2022ൽ 46,204. ഈ വർഷം ജൂൺവരെ 8598 വീസകളാണ് തൊഴിൽവീസയാക്കിയത്.
ചില എൽ.എം.ആർ.എ സേവനങ്ങൾ രജിസ്ട്രേഷൻ സെന്ററുകളിൽ നൽകുന്നത് റദ്ദാക്കുക, പ്രവാസികളെ വിദഗ്ധ തൊഴിലാളികളായി രജിസ്റ്റർ ചെയ്യുന്നത് റദ്ദാക്കുക എന്നീ ആവശ്യങ്ങളും സമിതി ഉന്നയിച്ചിട്ടുണ്ട്. തങ്ങളുടെ ജോലി ശരിയായി ചെയ്യാതിരിക്കുകയും ചട്ടങ്ങൾ മറികടന്ന് പ്രവർത്തനം നടത്തുകയും ചെയ്യുന്ന എൽ.എം.ആർ.എ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സമിതി ശിപാർശ ചെയ്യുന്നു. എൽ.എം.ആർ.എയുടെ കൈവശമുള്ള എല്ലാ വിവരങ്ങളും രേഖകളും സർക്കാർ അവലോകനം ചെയ്യണം.
പ്രവാസി തൊഴിൽനയങ്ങളും നടപടിക്രമങ്ങളും പുനഃപരിശോധനക്ക് വിധേയമാക്കുക, എല്ലാ ജോലികളും പ്രാദേശിക പത്രങ്ങളിൽ പരസ്യം ചെയ്യണമെന്ന നിബന്ധന പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക, എൽ.എം.ആർ.എ വെബ്സൈറ്റിൽ സ്വദേശികൾക്ക് മാത്രമായി ജോബ് സെർച്ച് സെക്ഷൻ ആരംഭിക്കുക എന്നീ ആവശ്യങ്ങളും റിപ്പോർട്ടിൽ പറയുന്നുണ്ട്.
എൽ.എം.ആർ.എ മൂന്ന് മാസം കൂടുമ്പോൾ ബോർഡിന് റിപ്പോർട്ട് നൽകണം. ഓഡിറ്റ് ചെയ്ത കണക്കുകൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കണം. സ്വദേശിവത്കരണത്തിനായി കൃത്യമായ പദ്ധതി വേണമെന്നും 2006ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമം ഭേദഗതി ചെയ്യണമെന്നും എം.പിമാർ ആവശ്യപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല