![](https://www.nrimalayalee.com/wp-content/uploads/2021/01/Oman-VAT-Expats-Job-Status-Change.png)
സ്വന്തം ലേഖകൻ: ബഹ്റൈനിൽ വാറ്റ് 10 ശതമാനമാക്കി വർധിപ്പിക്കുന്നതിന് ശൂറ കൗൺസിൽ അംഗീകാരം നൽകി. നിയമത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് മുേമ്പ മാധ്യമ പ്രവർത്തകരെ സഭയിൽനിന്നും ഒഴിവാക്കി. പാർലമെൻറ് നിയമം പാസാക്കിയതിന് അഞ്ചു ദിവസത്തിന് ശേഷമാണ് ശൂറ കൗൺസിലും ഇതിന് അംഗീകാരം നൽകിയത്.
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി മൂല്യ വര്‍ധിത നികുതി (വാറ്റ്) ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ ബഹ്റൈന്‍ ഭരണകൂടം തീരുമാനിച്ചത്. എണ്ണ വരുമാനത്തിലുണ്ടായ കുറവ്, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി തുടങ്ങിയ കാരണങ്ങളാല്‍ രാജ്യത്തിന്റെ സമ്പദ് മേഖലയ്ക്കുണ്ടായ തകര്‍ച്ചയില്‍ നിന്ന് 2024ഓടെ രാജ്യത്തെ കരയറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
എന്നാല്‍ വര്‍ധിപ്പിച്ച വാറ്റ് എപ്പോള്‍ മുതല്‍ നിലവില്‍ വരുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. നികുതി 10 ശതമാനമാക്കുന്നതോടെ ഗള്‍ഫ് മേഖലയിലെ ഏറ്റവും ഉയര്‍ന്ന മൂല്യ വര്‍ധിത നികുതി നിലനില്‍ക്കുന്ന രണ്ടാമത്തെ രാജ്യമായി ബഹ്റൈന്‍ മാറും. അയല്‍ രാജ്യങ്ങള്‍ 2018ല്‍ 1000 കോടിയുടെ കടങ്ങള്‍ എഴുതിത്തള്ളിയിരുന്നുവെങ്കിലും ബഹ്റൈനിലെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് സാമ്പത്തിക പരിഷിക്കാരങ്ങള്‍ നടപ്പിലാക്കി ബജറ്റ് കമ്മി പിടിച്ചുനിര്‍ത്തുകയും 2022ഓടെ സാമ്പത്തിക രംഗത്തിന്റെ സന്തുലിതാവസ്ഥ ഉറപ്പുവരുത്തണമെന്നുമുള്ള നിബന്ധനയുടെ അടിസ്ഥാനത്തിലായിരുന്നു അയല്‍ രാജ്യങ്ങള്‍ കടങ്ങള്‍ എഴുതിത്തള്ളിയത്. എന്നാല്‍ കോവിഡ് പ്രതിസന്ധിയും അതേത്തുടര്‍ന്ന് എണ്ണ വിലയിലുണ്ടായ വലിയ ഇടിവും കാരണം ഇത് നടപ്പിലാക്കാന്‍ ബഹ്റൈന്‍ സാധിച്ചിട്ടുണ്ടായിരുന്നില്ല. ഈ വര്‍ഷം രാജ്യത്തെ ബജറ്റ് കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 9.1 ശതമാനമായി കുറഞ്ഞതായാണ് അന്താരാഷ്ട്ര നാണയ നിധിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2020ല്‍ ഇത് 18.3 ശതമാനമായിരുന്നു.
നിലവില്‍ സൗദി അറേബ്യയാണ് വാറ്റിൽ ഒന്നാം സ്ഥാനത്ത്. 15 ശതമാനമാണ് സൗദിയിലെ വാറ്റ് നിരക്ക്. യുഎഇയിലും ഒമാനിലും അഞ്ച് ശതമാനമാണ് വാറ്റ് നികുതി ഈടാക്കുന്നത്. 2018ലെ ജിസിസി ഫ്രെയിംവര്‍ക്കിന്റെ ഭാഗമായാണ് ഗള്‍ഫ് നാടുകള്‍ വാറ്റ് നടപ്പിലാക്കിത്തുടങ്ങിയത്. കുവൈറ്റും ഖത്തറും ഇതുവരെ മൂല്യ വര്‍ധിത നികുതി ഏര്‍പ്പെടുത്തിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല