![](https://www.nrimalayalee.com/wp-content/uploads/2021/09/Bahrain-Visit-V-Muraleedharan-Indian-Embassy.jpg)
സ്വന്തം ലേഖകൻ: മതിയായ രേഖകളില്ലാതെ ബഹ്റൈനിൽ തങ്ങുന്നവർക്ക് ഇന്ത്യൻ എംബസിയെ സമീപിച്ച് രേഖകൾ ക്രമപ്പെടുത്താൻ കഴിയുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. പ്രാദേശിക അധികൃതരുമായി സഹകരിച്ച് ഇക്കാര്യത്തിൽ വേണ്ട സഹായങ്ങൾ ഇന്ത്യൻ എംബസി നൽകും.
ഇന്ത്യൻ തൊഴിലാളികളും പ്രഫഷനലുകളും ബഹ്റൈനിലേക്ക് വരുന്ന നടപടികൾ സുഗമമാക്കാൻ ഇരുസർക്കാറുകളും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ലേബർ മാർക്കറ്റ് െറഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ഇ-പോർട്ടലും ഇന്ത്യയുടെ ഇ-മൈഗ്രേറ്റ് പോർട്ടലും ബന്ധിപ്പിക്കാനുള്ള നിർദേശം അടക്കമുള്ള നടപടികൾ ഇതിെൻറ ഭാഗമാണ്.
അനധികൃത തൊഴിലാളികളുടെ രേഖകൾ ക്രമപ്പെടുത്താൻ കഴിഞ്ഞവർഷം ബഹ്റൈൻ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് നിരവധി പേർ പ്രയോജനപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈനിലെ ഇന്ത്യൻ സമൂഹം കോവിഡ് വാക്സിൻ സ്വീകരിക്കാനും ബഹ്റൈൻ സർക്കാറിെൻറ മുൻകരുതലുകൾ പാലിക്കാനും മുന്നോട്ടുവരുന്നത് സന്തോഷകരമാണ്.
കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ സൗജന്യ വാക്സിൻ ഉൾപ്പെടെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പിന്തുണക്ക് അദ്ദേഹം ബഹ്റൈൻ സർക്കാറിന് നന്ദി പറഞ്ഞു. ഇന്ത്യൻ സമൂഹത്തിെൻറ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ബഹ്റൈൻ അധികൃതർ നൽകുന്ന പിന്തുണയും അദ്ദേഹം എടുത്തുപറഞ്ഞു.
സന്ദർശനത്തിൻ്റെ ഭാഗമായി വി. മുരളീധരൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. സഖീർ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ബഹ്റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പ്രതീക്ഷയുണർത്തുന്നതാണെന്ന് വിലയിരുത്തി.
പ്രസിഡൻറ് രാംനാഥ് കോവിന്ദിൻെറ ആശംസ മുരളീധരൻ ഹമദ് രാജാവിന് കൈമാറി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും അവയുടെ പരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയായി. ബഹ്റൈൻെറ വളർച്ചയിലും പുരോഗതിയിലും പങ്കുവഹിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഹമദ് രാജാവ് പ്രത്യേകം നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല