സ്വന്തം ലേഖകൻ: ഇന്റര്‍നെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതിനുള്ള പിഴ അടക്കണം എന്ന് ആവശ്യപ്പെട്ട് ബഹ്റൈനിൽ തട്ടിപ്പിന് ശ്രമം. ബഹ്റൈന്‍ പൊലീസ് മീഡിയാ സെന്ററിന്റെ പേരില്‍ ഔദ്യോഗിക ലോഗോ ഉള്‍പ്പെടെ ഉപയോഗിച്ചാണ് തുക അടക്കാൻ ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ വരുന്നത്. ഇന്ത്യക്കാർ ഉൾപ്പടെയുള്ള നിരവധി പ്രവാസികൾക്ക് ഇത്തരത്തിലുള്ള സന്ദേശം ലഭിച്ചിട്ടുണ്ട്.
പിഴ അടക്കാൻ വേണ്ടി ആളുകളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോദിച്ച് സന്ദേശങ്ങൾ എത്തുന്നത്. ആന്റി കറപ്‍ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി ബഹ്റെെൻ ഇതു സംബന്ധിച്ച നിർദേശങ്ങൾ പുറത്തിറക്കി. ആരും തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ പുറത്തുവിടരുത്. പിഴ അടക്കണമെന്ന പേരില്‍ സന്ദേശം ലഭിച്ചവർ ജാഗ്രത പാലിക്കണം.
നിയമ വിരുദ്ധമായി ഇന്റര്‍നെറ്റ് ഉപയോഗിച്ചതിനുള്ള പിഴ അടക്കണമെന്നും ഇല്ലെങ്കിൽ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് വ്യാജ സന്ദേശത്തിൽ പറയുന്നത്. 190 ബഹ്റൈനി ദിനാറാണ് പിഴ അടക്കാൻ ആവശ്യപ്പെടുന്നത്. പോണ്‍ സൈറ്റുകൾ നിരവധി തവണ സന്ദർശിക്കുകയും അതിനാൽ നിങ്ങളുടെ ബ്രൌസര്‍ ബ്ലോക്ക് ചെയ്‍തിരിക്കുകയാണെന്നും ബഹ്റൈനിൽ ഉപയോഗിക്കാൻ സാധിക്കാത്ത പല സെെറ്റുകളും ഉപയോഗിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്ന തരത്തിലാണ് സന്ദേശം എത്തിയിരിക്കുന്നത്. പിഴ അടക്കാതെ കംപ്യൂട്ടര്‍ അണ്‍ലോക് ചെയ്യാന്‍ ശ്രമിച്ചാല്‍ സിസ്റ്റത്തിലെ എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്യപ്പെടുമെന്നും സന്ദേശത്തിൽ പറയുന്നു.
കൂടാതെ 12 മണിക്കൂറിനകം പിഴ അടക്കണം അല്ലെങ്കിൽ വീട്ടിൽ പോലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തും എന്നും കംപ്യൂട്ടര്‍ സ്വമേധയാ അണ്‍ബ്ലോക്ക് ചെയ്യപ്പെടുമെന്നുമാണ് സന്ദേശത്തിൽ പറയുന്നു. ഒരിക്കൽ പോലും ഇത്തരത്തിലുള്ള അശ്ലീല ദൃശ്യങ്ങള്‍ ലഭിക്കുന്ന സെെറ്റിൽ പോകാത്തവർക്ക് സന്ദേശം ലഭിച്ചപ്പോൾ ആണ് സംഭവം പുറത്തറിയുന്നത്. സംഭവം പൂർണ്ണമായും തട്ടിപ്പാണ് എന്ന് ഔദ്യോഗിക വിശദീകരണം വന്നതോടെയാണ് പലർക്കും സമാധാനമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല