
സ്വന്തം ലേഖകൻ: രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് വീസ പുതുക്കാന്‍ പുതിയ സംവിധാനവുമായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം. ഓണ്‍ലൈന്‍ വഴി ജീവനക്കാരുടെ വീസ പുതുക്കാന്‍ തൊഴിലുടമക്ക് അവസരം നല്‍കുന്നതാണ് പുതിയ സേവനം. എന്നാല്‍ വീസാ കാലാവധി കഴിയുന്നതിന് മുമ്പ് മാത്രമേ ഇത് സാധ്യമാവുകയുളളുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബഹ്‌റൈന്‍ പാസ്പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ് അഫയേഴ്‌സിന്റെ നേതൃത്വത്തിലാണ് രാജ്യത്തിന് പുറത്തുളളവര്‍ക്ക് വീസ പുതുക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നത്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ ഖലീഫയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വാണിജ്യ, സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍, രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ലേബര്‍ മാര്‍ക്കറ്റ് റെഗുലര്‍ അതോറിറ്റിയുമായി സംയോജിപ്പിച്ചാണ് സേവനം ലഭ്യമാക്കുക.
ബഹ്റൈന്‍ നാഷണല്‍ പോര്‍ട്ടല്‍ വഴി റസിഡന്‍സി പെര്‍മിറ്റ് പുതുക്കാന്‍ കഴിയും. വര്‍ക്ക് പെര്‍മിറ്റ്, പ്രവാസി മാനേജ്‌മെന്റ് സിസ്റ്റം വഴിയോ ഔദ്യോഗിക എല്‍എംആര്‍എ ചാനലുകള്‍ വഴിയോ പുതുക്കാവുന്നതാണ്. സര്‍ക്കാരിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപേവുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി പറഞ്ഞു. രാജ്യത്തെ തൊഴില്‍ മേഖല കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം പ്രവാസി തൊഴിലാളികളുടെയും ബിസിനസ് ഉടമകളുടെയും നിക്ഷേപകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ കൂടി ഭാഗമായാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല