സ്വന്തം ലേഖകന്‍: കോടികള്‍ വാരുന്ന ബാഹുബലിയിലെ താരങ്ങള്‍ക്ക് എത്ര പ്രതിഫലം കിട്ടും? കണ്ണുതള്ളിക്കുന്ന പ്രതിഫലവുമായി താരങ്ങളും സംവിധായകനും. 1000 കോടി നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാകാനുള്ള കുതിപ്പില്‍ ആമീര്‍ ഖാന്റെ പികെയേയും പിന്നിലാക്കിയിരിക്കുകയാണ് രാജമൗലിയുടെ ബാഹുബലി 2. നിര്‍മാതാക്കളായ ശോഭു യര്‍ലഗഡ്ഡയും പ്രസാദ് ദേവിനേനിയും മാത്രമല്ല ചിത്രത്തിന്റെ പണക്കിലുക്കത്തില്‍ സന്തോഷിക്കുന്നത്.
ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറ ശില്‍പികളുമെല്ലാം കിടിലന്‍ പ്രതിഫലമാണ് ചിത്രത്തിനായി കൈപ്പറ്റിയിരിക്കുന്നത്. പ്രതിഫലത്തില്‍ മുന്‍പന്തിയില്‍ സംവിധായകന്‍ എസ്.എസ്.രാജമൗലി തന്നെ. 28 കോടി രൂപയാണ് രാജമൗലിയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ ബാഹുബലിയുടെ ലാഭത്തിന്റെ മൂന്നിലൊന്നും രാജമൗലിക്കുള്ളതാണ്.
പ്രതിഫലത്തില്‍ രണ്ടാമന്‍ ബാഹുബലിയെ അനശ്വരമാക്കിയ പ്രഭാസാണ്. ഇന്ത്യന്‍ സിനിമ കണ്ടതില്‍ വച്ച് ഏറ്റവും ശക്തമായ ഈ ടൈറ്റില്‍ റോളിന് 25 കോടി രൂപയാണ് പ്രഭാസ് വാങ്ങിയത്.
മൂന്നാമന്‍ പല്‍വാള്‍ ദേവനായി തകര്‍ത്തഭിനയിച്ച റാണ ദഗ്ഗുബട്ടിയാണ്. 15 കോടി രൂപയായിരുന്നു റാണയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. നായികമാരില്‍ ദേവസേനയായി അഭിനയിച്ച അനുഷ്‌ക്ക ഷെട്ടിയും അവന്തികയായ തമന്ന ഭാട്യയയുമാണ് പ്രതിഫലത്തില്‍ മുന്നില്‍. ഇരുവും അഞ്ച് കോടി രൂപ വീതമാണ് വാങ്ങിയത്. രാജമാത ശിവകാമിയായി ഉജ്വല പ്രകടനം കാഴ്ചവച്ച രമ്യ കൃഷ്ണന്‍ രണ്ട് കോടി രൂപ വാങ്ങിയതായാണ് റിപ്പോര്‍ട്ട്.
രണ്ട് ഭാഗങ്ങളിലും കട്ടപ്പയായി നിറഞ്ഞുനിന്ന സത്യരാജിന് ഇതിലും കുറവായിരുന്നു പ്രതിഫലം. തമിഴിലെ കരുത്തനായ ഈ നടന്റെ പ്രതിഫലം രണ്ട് കോടി രൂപ മാത്രമായിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കള്‍ ഈ പട്ടിക സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും പ്രഭാസ് അഞ്ചു വര്‍ഷം മറ്റൊരു വേഷവും സ്വീകരിക്കാതെ ബാഹുബലിക്കായി മാറ്റിവച്ചത് രാജമൗലി വെളിപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല