സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ചരിത്രമുറങ്ങുന്ന കേംബ്രിജ് സിറ്റിയുടെ മേയറായി മലയാളിയായ ബൈജു വർക്കി തിട്ടാല. ഒരു വർഷമായി കേംബ്രിജ് സിറ്റി കൗൺസിലിന്റെ ഡെപ്യൂട്ടി മേയറായി പ്രവർത്തിക്കുന്ന ബൈജു വർക്കി തിട്ടാല ഇന്നു രാവിലെ ബ്രിട്ടിഷ് സമയം പതിനൊന്നിന് കേംബ്രിജിന്റെ മേയറായി സ്ഥാനമേൽക്കും.
ഇതാദ്യമായാണ് ഏഷ്യൻ വംശജനായ ഓരാൾ കേംബ്രിജ് സിറ്റി കൗൺസിലിൽ മേയറാകുന്നത്. ബ്രിട്ടണിലും ലോകമെങ്ങുമുള്ള മലയാളികൾക്ക് അഭിമാനം ഉണർത്തുന്ന അംഗീകാരമാണ് ബൈജു എന്ന ചെറുപ്പക്കാരനിലൂടെ മലയാളക്കരയെ തേടിയെത്തുന്നത്.
കേരളത്തിൽ കോട്ടയം ജില്ലയിലെ ആർപ്പൂക്കരയിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച്, ബ്രിട്ടനിലെത്തി ഉപരിപഠനത്തിനുശേഷം പൊതുരംഗത്ത് സജീവമായ ബൈജു, തൊഴിലിടങ്ങളിൽ മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ളവർ നേരിടുന്ന വിവേചനങ്ങൾക്കെതിരേ നിയമ പോരാട്ടം നടത്തുന്ന വ്യക്തിയാണ്.
2013-ൽ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽനിന്നും എൽഎൽബി. ബിരുദം നേടി. പിന്നീട് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽനിന്നും എംപ്ലോയ്മെന്റ് ലോയിൽ ഉന്നത ബിരുദവും നേടി. 2018ൽ കേംബ്രിജിലെ ഈസ്റ്റ് ചെസ്റ്റർട്ടൺ മണ്ഡലത്തിൽനിന്നും ലേബർ ടിക്കറ്റിൽ ആദ്യമായി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ബൈജു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
2019 മുതൽ സോളിസിറ്ററായി ജോലി ചെയ്യുന്ന ബൈജു ക്രിമിനൽ ഡിഫൻസ് ലോയറായാണ് പ്രാക്ടീസ് ചെയ്യുന്നത്. യുകെ മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചാനൽ ചർച്ചകളിൽ ഉൾപ്പെടെ സജീവമായി ഇടപെടുന്ന ബൈജു, രാഹുൽ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയിലും പങ്കെടുത്ത് ശ്രദ്ധേയനായിരുന്നു.
ബ്രിട്ടനിൽ മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ സിഎൽപി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറാണ്. ബ്രിട്ടനിലെ ഇന്ത്യക്കാരായ തൊഴിലാളികളുടെ ട്രേഡ് യൂണിയനായ ഇന്ത്യൻ വർക്കേഴ്സ് യൂണിയന്റെ ചെർമാനായും ബൈജു സേവനം അനുഷ്ഠിക്കുന്നു. 2019ലെ ജനറൽ ഇലക്ഷനിൽ മൂന്നു പാർലമെന്റ് മണ്ഡലങ്ങളിലേക്ക് ബൈജുവിന്റെ പേര് ലേബർ പാർട്ടി പരിഗണിച്ചിരുന്നു. ഇക്കുറി സ്ഥാനാർഥിയായി പരിഗണിക്കാൻ ബൈജു അപേക്ഷ നൽകിയിരുന്നില്ല.
ആർപ്പൂക്കര തിട്ടാല പാപ്പച്ചൻ- ആലീസ് ദമ്പതികളുടെ മകനാണ്. കേംബ്രിജിൽ നഴ്സിങ് ഹോം യൂണിറ്റ് മാനേജരായി ജോലി ചെയ്യുന്ന ഭാര്യ ആൻസി തിട്ടാല, കോട്ടയം മുട്ടുചിറ മേലുക്കുന്നേൽ കുടുംബാംഗമാണ്. വിദ്യാർഥികളായ അന്ന തിട്ടാല, അലൻ തിട്ടാല, അൽഫോൻസ് തിട്ടാല എന്നിവർ മക്കളാണ്.
സമീപകാലത്ത് ബ്രിട്ടനിലെ സിറ്റി കൗൺസിലുകളിൽ മേയറാകുന്ന ഏഴാമത്തെ മലയാളിയാണ് ബൈജു തിട്ടാല. മുൻപ് ലണ്ടനിലെ ന്യൂഹാം കൗൺസിലിൽ ഓമന ഗംഗാധരനും (സിവിക് അംബാസിഡർ), ക്രോയിഡണിൽ മഞ്ജു ഷാഹുൽ ഹമീദും ലൗട്ടൺ സിറ്റി കൗൺസിലിൽ ഫിലിപ്പ് ഏബ്രഹാമും കിംങ്സ്റ്റൺ അപ്പോൺ തേംസിൽ സുശീല ഏബ്രഹാമും ബ്രിഡ്സ്റ്റോളിലെ ബ്രാഡ്ലി സ്റ്റോക്കിൽ ടോം ആദിത്യയും റോയിസ്റ്റൺ ടൌണിൽ മേരി റോബിൻ ആന്റണിയും മേയർമാരായിരുന്നു.
ഒരു വർഷമാണ് മേയർ പദവിയിൽ ബൈജുവിന്റെ കാലാവധി. കേംബ്രിജിലെ 42 അംഗ കൗൺസിലിൽ 25 പേരുടെ ഭൂരിപക്ഷമാണ് ലേബർ പാർട്ടിക്കുള്ളത്. നിലവിൽ മേയറായ കൗൺസിലർ ജെന്നി ഗോത്രോപ് വുഡിന്റെ പിൻഗാമിയായാണ് ബൈജുവിന്റെ നിയമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല