മൂവാറ്റുപുഴ: ഇംഗ്‌ളണ്ടില്‍ എം.ബി.ബി.എസ് പഠനത്തിന്റെയും ബിസിനസ് പാര്‍ട്‌ണര്‍ഷിപ്പിന്റെയും പേരില്‍ മലയാളികളില്‍നിന്നു കോടികള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ വിദേശ മലയാളി കോട്ടയം തടത്തില്‍ ജോബി ജോര്‍ജിന്റെ നാട്ടിലുള്ള പിതാവും മാതാവും കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടി. കേസില്‍ ഇവര്‍ മൂന്നും നാലും പ്രതികളാണ്. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നാണ് മുന്‍കൂര്‍ ജാമ്യമെടുത്തത്. അന്വേഷണ ഉദ്യോഗസ്‌ഥന്റെ മുന്നില്‍ ഹാജരാകാനും അറസ്‌റ്റ് ചെയ്‌താല്‍ ജാമ്യം നല്‍കാനുമാണ് കോടതി ഉത്തരവ്.
കേസില്‍ ജോബിയുടെ പിതാവ് ജോര്‍ജ്, മാതാവ് ആലീസ് എന്നിവരും പ്രതിചേര്‍ക്കപ്പെട്ടതോടെ അറസ്‌റ്റ് ഭയന്ന് ഇവര്‍ ബംഗളുരുവില്‍ ഒളിവിലായിരുന്നു. ഇതിനിടെ സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ജോബിയുടെ കോട്ടയം കല്ലറയിലുള്ള വീടും മുട്ടമ്പലത്തുള്ള വീടും റെയ്‌ഡുചെയ്‌തു. കോടതിയുടെ വാറന്റുമായിട്ടായിരുന്നു സി.ഐയും സംഘവും വീടുകള്‍ പരിശോധിച്ചത്. ഇരുവീടുകളുടെയും താക്കോല്‍ ജോബിയുടെ നാട്ടിലുള്ള ഡ്രൈവറുടെ കൈവശമായിരുന്നു.
കല്ലറയിലുള്ള വീട് ജോബി അമേരിക്കയില്‍ താമസിക്കുന്ന വിദേശ മലയാളിയുടെ പേരിലേക്ക് മാറ്റിയിരിക്കുകയാണ്. കല്ലറയില്‍ ഒരേക്കര്‍ നാലുസെന്റ് പാടം നികത്തി ആറായിരം ചതുരശ്രയടിയുള്ള മറ്റൊരു ബംഗ്ലാവിന്റെ നിര്‍മാണത്തിന് അനുമതി ലഭിക്കാന്‍ വേണ്ടിയാണ് സ്വന്തം പേരിലുള്ള ഈ വീട് അമേരിക്കന്‍ ബിസിനസുകാരന്റെ പേരിലേക്കു മാറ്റിയിരിക്കുന്നതെന്ന് സി.ഐ. പറഞ്ഞു. കല്ലറയിലെ വീട് അടഞ്ഞുകിടക്കുകയാണ്.
മുട്ടമ്പലത്തെ മൂന്നുനിലവീട്ടിലാണ് ജോബിയുടെ പിതാവും മാതാവും താമസിക്കുന്നത്. ഭൂഗര്‍ഭ അറയും എല്ലാവിധ സജ്‌ജീകരണങ്ങളുമുള്ള പോഷ് ബംഗ്ലാവാണിത്. പോലീസ് എത്തുമ്പോള്‍ ഈ വീടും അടഞ്ഞുകിടക്കുകയായിരുന്നു.ഇവിടെ നിന്ന് ജോര്‍ജിന്റെയും ആലീസിന്റെയും പാസ്‌പോര്‍ട്ടുകള്‍ പോലീസ് കണ്ടെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല