സ്വന്തം ലേഖകൻ: നാളുകള്‍നീണ്ട പോരാട്ടത്തില്‍ നീതികിട്ടാതായപ്പോള്‍ കണ്ണീരോടെ ബൂട്ടഴിച്ച സാക്ഷി മാലിക്കിന് പിന്തുണയായി, പദ്മശ്രീ പുരസ്‌കാരം രാജ്യതലസ്ഥാനത്ത് നടപ്പാതയിലുപേക്ഷിച്ച് ഗുസ്തിതാരം ബജ്രംഗ് പുണിയ. വനിതാ ഗുസ്തിതാരങ്ങള്‍ അപമാനിക്കപ്പെടുമ്പോള്‍ പുരസ്‌കാരവുമായി ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്ന് പറഞ്ഞാണ് പുണിയ, പദ്മശ്രീ പതക്കം ഡല്‍ഹിയിലെ കര്‍ത്തവ്യപഥ് പോലീസ് സ്റ്റേഷനുസമീപത്തെ നടപ്പാതയില്‍ ഉപേക്ഷിച്ചത്.
പതക്കം പിന്നീട് കര്‍ത്തവ്യപഥ് സ്റ്റേഷനിലേക്ക് പോലീസുകാര്‍ മാറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുരസ്‌കാരം കൈമാറാനെത്തിയ പുണിയയെ പോലീസുദ്യോഗസ്ഥര്‍ തടഞ്ഞതോടെയാണ് അദ്ദേഹം അത് വഴിയിലുപേക്ഷിച്ച് പ്രതിഷേധിച്ചത്. പതക്കം ഉപേക്ഷിക്കാനുള്ള കാരണം വിശദീകരിച്ച് പ്രധാനമന്ത്രിക്ക് പുണിയ തുറന്നകത്തും അയച്ചു. ലൈംഗികാരോപണവിധേയനായ ബി.ജെ.പി.യുടെ ലോക്സഭാംഗം ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അനുയായികള്‍ ഗുസ്തി ഫെഡറേഷനിലേക്ക് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഗുസ്തിതാരം സാക്ഷി മാലിക് ബൂട്ടഴിച്ചുവെച്ച് ഗുസ്തിവേദി വിടുന്നെന്ന് പ്രഖ്യാപിച്ചത്.
ബ്രിജ് ഭൂഷന്റെ അനുയായികള്‍ വിജയിച്ചദിവസം ഗുസ്തിതാരങ്ങള്‍ ഉറങ്ങിയിട്ടില്ലെന്ന് പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ പുണിയ പറഞ്ഞു. ജനുവരിയില്‍ പ്രതിഷേധമാരംഭിച്ചപ്പോള്‍ ബ്രിജ് ഭൂഷന്റെ പേരില്‍ 19 വനിതാ ഗുസ്തിതാരങ്ങളുടെ പരാതിയാണുണ്ടായിരുന്നതെന്നും എന്നാല്‍, ബ്രിജ് ഭൂഷന്റെ ഇടപെടലിനെത്തുടര്‍ന്ന് 12 താരങ്ങള്‍ പരാതി പിന്‍വലിച്ചെന്നും കത്തില്‍ പുണിയ ചൂണ്ടിക്കാട്ടി. വനിതാ താരങ്ങള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയതിന് ജനുവരിയിലും ഏപ്രിലിലും ഗുസ്തിതാരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധപരമ്പരകള്‍ സംഘടിപ്പിച്ചിരുന്നു.
വനിതാതാരങ്ങള്‍ അപമാനിക്കപ്പെടുമ്പോള്‍, ഇത്തരത്തില്‍ ബഹുമതിയുമായി ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്നും അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ പശ്ചാത്തപിക്കേണ്ടിവരുമെന്നും പദ്മശ്രീ പതക്കം വഴിയിലുപേക്ഷിച്ച ഗുസ്തിതാരം ബജ്രംഗ് പുണിയ പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ പറഞ്ഞു.
നേരത്തേ, പോലീസ് ജന്തര്‍മന്തറിലെ സമരവേദി ഒഴിപ്പിച്ചതിനെത്തുടര്‍ന്ന് ഗുസ്തിതാരങ്ങള്‍ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാന്‍ തീരുമാനിച്ചിരുന്നെന്ന് കത്തില്‍ പുണിയ ചൂണ്ടിക്കാട്ടി. എന്നാല്‍, പരിശീലകരും കര്‍ഷകനേതാക്കളും ഇടപെട്ടതിനെത്തുടര്‍ന്ന് ഗുസ്തിതാരങ്ങള്‍ ആ ശ്രമം ഉപേക്ഷിച്ചു. മോദിസര്‍ക്കാര്‍ ഈസമയം ഗുസ്തിതാരങ്ങളെ ചര്‍ച്ചകള്‍ക്കായി തിരികെവിളിച്ചു.
ഗുസ്തിതാരങ്ങള്‍ ആഭ്യന്തരമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. ഗുസ്തിതാരങ്ങള്‍ക്ക് നീതി ലഭിക്കുമെന്നും ബ്രിജ് ഭൂഷന്റെ അനുയായികളെ ഫെഡറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ലെന്നും അമിത് ഷാ ഉറപ്പുനല്‍കി. ഈ ഉറപ്പ് കണക്കിലെടുത്താണ് അന്ന് തെരുവിലെ പോരാട്ടം അവസാനിപ്പിച്ചതെന്നും പുണിയ കത്തില്‍ പറഞ്ഞു.
അതേസമയം, പുണിയയുടെ തീരുമാനം വ്യക്തിപരമാണെന്ന് കേന്ദ്ര കായികമന്ത്രാലയം പ്രതികരിച്ചു. പുനര്‍വിചിന്തനം നടത്താന്‍ അദ്ദേഹത്തോട് പറയുമെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല