സ്വന്തം ലേഖകന്‍: കര്‍ണാടക സംഗീതജ്ഞന്‍ ഡോ. എം. ബാലമുരളീകൃഷ്ണ അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ചെന്നൈ രാധാകൃഷ്ണന്‍ ശാലയിലെ വസതിയിലായിരുന്നു അന്ത്യം.
1930 ജൂലൈ ആറിന് ആന്ധ്രാപ്രദേശിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് മംഗലംപള്ളി മുരളീകൃഷ്ണ എന്ന ബാലമുരളീകൃഷ്ണയുടെ ജനനം. അച്ഛന്‍ മംഗലംപള്ളി പട്ടാഭിരാമയ്യ സംഗീതജ്ഞനും പുല്ലാങ്കുഴല്‍, വയലിന്‍, വീണ എന്നീ സംഗീതോപകരണങ്ങളിലും പ്രാവീണ്യം നേടിയ വ്യക്തിയായിരുന്നു. അമ്മ വീണവിദുഷിയായ സൂര്യകാന്തമ്മ. ജനിച്ച് 15 ദിവസത്തിനകം അമ്മയെ നഷ്ടപ്പെട്ട മുരളീകൃഷ്ണയെ അച്ഛന്‍ ചെറുപ്രായത്തില്‍ത്തന്നെ പരുപള്ളി രാമകൃഷ്ണയ്യ പന്തുലുവിന്റെ അടുത്ത് സംഗീതം അഭ്യസിക്കാന്‍ അയച്ചു.
എട്ടാം വയസില്‍ വിജയവാഡയില്‍ ത്യാഗരാജ ആരാധനയില്‍ പങ്കെടുത്ത് ഒരു മുഴുനീളക്കച്ചേരി അവതരിപ്പിക്കുമ്പോള്‍ ആലാപനം കേട്ട് മുസുനുരി സൂര്യനാരായണ മൂര്‍ത്തിയെന്ന ഹരികഥാ വിദ്വാനാണ് ബാല എന്ന വിശേഷണം മുരളീകൃഷ്ണയ്ക്ക് നല്‍കിയത്. 15 വയസു തികയും മുമ്പ് 72 മേളകര്‍ത്താരാഗങ്ങളിലും വൈദഗ്ദ്യം നേടിയ അദ്ദേഹം കൃതികള്‍ രചിക്കാന്‍ തുടങ്ങി.
തെലുങ്ക്, സംസ്‌കൃതം, കന്നഡ, തമിഴ് ഭാഷകളിലായി നാനൂറിലധികം കമ്പോസിഷന്‍സ്. വര്‍ണങ്ങളും കൃതികളും ജാവളി, തില്ലാന, ഭക്തിഗാനങ്ങള്‍ തുടങ്ങി അദ്ദേഹം ചിട്ടപ്പെടുത്താത സംഗീത വിഭാഗങ്ങളില്ല. സുമുഖം, മഹതി, ലവംഗി തുടങ്ങി നാല് സ്വരങ്ങള്‍ വീതമുള്ള രാഗങ്ങള്‍, മൂന്ന് സ്വരങ്ങള്‍ വീതമുള്ള ത്രിശക്തി, സര്‍വ്വശ്രീ, ഗണപതി തുടങ്ങിയ രാഗങ്ങള്‍ രൂപപ്പെടുത്തി കര്‍ണാടക സംഗീതത്തിലെ കീഴ്‌വഴക്കങ്ങള്‍ തെറ്റിക്കുകയും ചെയ്തു അദ്ദേഹം.
സംഗീതത്തിന്റെ സമസ്ത മേഖലകളിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയ വ്യക്തിയാണ് ബാലമുരളീകൃഷ്ണ. പാടുക മാത്രമല്ല പാട്ടുപകരണങ്ങളും അദ്ദേഹത്തിന് വഴങ്ങി. കൈവയ്ക്കാത്ത മേഖലകള്‍ ചുരുക്കം. കൂടാതെ അഭിനയവും തനിക്ക് വഴങ്ങുമെന്നും അദ്ദേഹം ഭക്തപ്രഹ്ലാദയില്‍ നാരദനായി വേഷമിട്ട് തെളിയിച്ചു.
പ്രമുഖരായ നിവരധി ഹിന്ദുസ്ഥാനി സംഗീതജ്ഞര്‍ക്കൊപ്പം ജുഗല്‍ബന്ദി അവതരിപ്പിക്കാന്‍ ധൈര്യം കാട്ടിയ അദ്ദേഹം ഹിന്ദുസ്ഥാനിയും കര്‍ണാടക സംഗീതവും സമന്വയിക്കുമ്പോള്‍ സംഗീതം മനോധര്‍മത്തിന്റെ ആവിഷ്‌കാരം കൂടിയാണെന്ന് തെളിയിച്ചു. പണ്ഡിറ്റ് ഭീംസെന്‍ ജോഷി, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, പണ്ഡിറ്റ് ജസ്‌രാജ്, കിഷോരി അമോങ്കര്‍, പങ്കജ് ഉദാസ് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം അദ്ദേഹം ജുഗല്‍ബന്ദി അവതരിപ്പിച്ചിട്ടുണ്ട്.
ഏറ്റവും മികച്ച പിന്നണിഗായകന്‍, നല്ല ഗാനരചയിതാവ്, ഏറ്റവും നല്ല സംഗീതസംവിധായകന്‍ എന്നിങ്ങനെ ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹം സ്വന്തമാക്കി. കൊടുങ്ങല്ലൂരമ്മ, സ്വാതി തിരുനാള്‍, ഭരതം, ഗ്രാമം എന്നീ മലയാള ചിത്രങ്ങള്‍ക്കും അദ്ദേഹം പിന്നണിപാടിയിട്ടുണ്ട്. 1978 ലാണ് ബാലമുരളീകൃഷ്ണയ്ക്ക് സംഗീത കലാനിധിയെന്ന വിശേഷണം ചാര്‍ത്തിക്കിട്ടുന്നത്. രാജ്യത്തെ പരമോന്നത ബഹുമതികളായ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍, സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള സംസ്ഥാന സര്‍ക്കാരിന്റെ സ്വാതി സംഗീത പുരസ്‌കരം, വിവിധ സര്‍വകലാശാലകളില്‍ നിന്നായി ഒമ്പത് ഡോക്ടറേറ്റ്, തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ആസ്ഥാന വിദ്വാന്‍ തുടങ്ങിയ ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല