കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്സുമാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള ബലരാമന്‍ കമ്മറ്റി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മറ്റിയുടെ റിപ്പോര്‍ട്ട് അട്ടമറിക്കപ്പെടുമോയെന്ന സംശയം വ്യാപകമാണെങ്കിലും പ്രതീക്ഷയോടെയാണ് കേരളത്തിലെ നേഴ്സുമാരുടെ സമൂഹം. വന്‍ ശമ്പള വര്‍ധന ശുപാര്‍ശ ചെയ്യുന്നതാണ് റിപ്പോര്‍ട്ട്. മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥകളും മുന്നോട്ട് വയ്ക്കുന്നുണ്ട്.
കേരളത്തിലെ പതിനാല് ജില്ലകളിലേയും ആശുപത്രികളില്‍ തെളിവെടുപ്പ് നടത്തിയശേഷമാണ് മുന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ഡോ. എസ്.ബലരാമന്‍ കമ്മറ്റി ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ സ്വകാര്യ ആശുപത്രി ലോബി ശ്രമിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ പോകുന്നത്.
സര്‍ക്കാര്‍ ആസ്പത്രികളിലെ നഴ്‌സുമാരുടെ വേതനവുമായി തുലനപ്പെടുത്തിയാണ് സ്വകാര്യ ആസ്പത്രി നഴ്‌സുമാരുടെയും വേതനം ശുപാര്‍ശ ചെയ്തിട്ടുള്ളത്. 13,900 ആണ് ഇപ്പോള്‍ സര്‍ക്കാര്‍ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം. പല സ്വകാര്യ ആസ്പത്രികളും ഉയര്‍ന്ന യോഗ്യതയുള്ള നഴ്‌സുമാര്‍ക്കു പോലും ഇതില്‍ പകുതി ശമ്പളംപോലും നല്‍കുന്നില്ല. നഴ്‌സുമാരുടെ സ്ഥിതി അതിദയനീയമാണെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല