സ്വന്തം ലേഖകൻ: കൊറിയന്‍ യുവതികളോട് മാത്രം അമിതമായ ലൈംഗികതാത്പര്യം, വ്യാജപരസ്യം നല്കി യുവതികളെ വിളിച്ചുവരുത്തി ബലാത്സംഗം- ഓസ്ട്രേലിയയിലെ ‘സീരിയല്‍ റേപ്പിസ്റ്റ്’ എന്ന ആരോപണം നേരിടുന്ന ഇന്ത്യന്‍ വംശജനായ ബലേഷ് ധന്‍ഖറിനെതിരേ 39 കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. 2018-ല്‍ പോലീസ് പിടിയിലാകുന്നത് വരെ ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖനായിരുന്നു ബലേഷ് ധന്‍ഖര്‍. ‘ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പി.’ എന്ന സംഘടനയുടെ ഓസ്ട്രേലിയയിലെ സ്ഥാപകരിലൊരാള്‍. സിഡ്നി ട്രെയിന്‍സിലെ ലീഡ് ഡാറ്റ വിഷ്വലൈസേഷന്‍ കണ്‍സള്‍ട്ടന്റ്. എന്നാല്‍ 2018-ല്‍ ബലാത്സംഗക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തതോടെ ബലേഷ് ധന്ഖറെന്ന ‘മാന്യന്റെ’ മുഖംമുടി അഴിഞ്ഞുവീഴുകയായിരുന്നു.
അഞ്ച് സ്ത്രീകളെ മയക്കുമരുന്ന് നല്കി ബലാത്സംഗം ചെയ്തു എന്നതടക്കമുള്ള 39 കുറ്റങ്ങളിലാണ് ബലേഷ് ധന്‍ഖര്‍ ന്യൂ സൗത്ത് വെയില്‍സ് കോടതിയില്‍ വിചാരണ നേരിടുന്നത്. വിവിധ ലൈംഗികാതിക്രമങ്ങളും ഇതിന്റെ വീഡിയോ പകര്‍ത്തിയതിനുള്ള കുറ്റങ്ങളും ഇതില്‍ ഉള്‍പ്പെടും. 2018 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് കൊറിയന്‍ യുവതികളെ ബലേഷ് ലൈംഗികാതിക്രമത്തിന് ഇരകളാക്കിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഏകദേശം ഇരുപതിലേറെ കൊറിയന്‍ യുവതികളാണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരയായതെന്നും പോലീസ് പറയുന്നു.
കൊറിയന്‍ യുവതികളോട് അമിതമായ ലൈംഗികതാത്പര്യം പുലര്‍ത്തിയിരുന്ന ബലേഷ് ധന്‍ഖര്‍ ‘അസാധാരണമായ പ്രവര്‍ത്തനരീതി’യിലൂടെയാണ് സ്ത്രീകളെ കെണിയില്‍ വീഴ്ത്തിയതെന്നായിരുന്നു വിചാരണയ്ക്കിടെ കോടതിയിലുണ്ടായ പരാമര്‍ശം. കൊറിയന്‍-ഇംഗ്ലീഷ് പരിഭാഷകരുടെ ജോലിയുണ്ടെന്ന് വ്യാജപരസ്യം നല്‍കിയാണ് ഇയാള്‍ യുവതികളെ വലയില്‍ വീഴ്ത്തിയിരുന്നത്. തുടര്‍ന്ന് ജോലിക്കായുള്ള അഭിമുഖത്തിന് എത്തുന്ന യുവതികളെ ഹോട്ടലിലേക്കോ തന്റെ വീട്ടിലേക്കോ ക്ഷണിക്കും. ഇവിടെവെച്ച് മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കിയ ശേഷം ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നതായിരുന്നു പതിവ്. ഇതിന്റെ ദൃശ്യങ്ങളെല്ലാം ഒളിക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.
താന്‍ സംസാരിക്കുകയോ ബന്ധപ്പെടുകയോ ചെയ്ത യുവതികളുടെ പേരുവിവരങ്ങളും ഇവരുടെ പ്രത്യേകതകളും ബലേഷ് പ്രത്യേകം സൂക്ഷിച്ചിരുന്നു. ഓരോ യുവതികളെക്കുറിച്ചുമുള്ള തന്റെ വിവരണങ്ങളും അവരുമായുണ്ടായ ബന്ധത്തിന്റെ വിശദാംശങ്ങളും മറ്റു വിവരങ്ങളുമാണ് ഇതിലുണ്ടായിരുന്നത്. അറസ്റ്റിലായതിന് പിന്നാലെ ബലേഷിന്റെ ഈ ‘ലെഡ്ജര്‍’ പോലീസ് കണ്ടെടുക്കുകയും വിചാരണവേളയില്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
2018 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുളള കാലയളവിലാണ് കൊറിയന്‍ യുവതികളെ ബലേഷ് ധന്‍ഖര്‍ വ്യാപകമായി ചൂഷണം ചെയ്തതെന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍. തന്റെ കെണിയില്‍ വീണ ഇരുപതിലേറെ കൊറിയന്‍ യുവതികളുടെ പേരുവിവരങ്ങള്‍ ഇയാളുടെ ലെഡ്ജറിലുണ്ടായിരുന്നു. യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന 47 വീഡിയോകളും ഇയാളില്‍നിന്ന് കണ്ടെടുത്തു. യുവതികളുടെ പേരിലുള്ള ഫോള്‍ഡറുകളിലാണ് ഓരോ വീഡിയോകളും ഇയാള്‍ സൂക്ഷിച്ചിരുന്നത്.
2018 ജനുവരി മുതല്‍ ആരംഭിച്ച ബലേഷിന്റെ പീഡനപരമ്പരയ്ക്ക് പോലീസിന്റെ പിടിവീഴുന്നത് ഒക്ടോബര്‍ അവസാനവാരമാണ്. ഒക്ടോബര്‍ 21-ാം തീയതി ബലേഷ് ലൈംഗികമായി പീഡിപ്പിച്ച കൊറിയന്‍ യുവതിയാണ് ഇയാള്‍ക്കെതിരേ പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് പിറ്റേദിവസം തന്നെ പോലീസ് ബലേഷ് ധന്‍ഖറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയ ബലേഷ്, വൈന്‍ കുടിക്കാന്‍ നല്‍കിയെന്നും ഇതിനുപിന്നാലെ തലകറക്കം അനുഭവപ്പെട്ടെന്നുമായിരുന്നു ഈ യുവതിയുടെ മൊഴി. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ യുവതി കുളിമുറിയിലേക്ക് പോയി. ഇവിടെവെച്ച് തന്റെ ലൊക്കേഷന്‍ സുഹൃത്തിന് അയച്ചുനല്‍കി. ഇതിനു പിന്നാലെയാണ് ബോധം മറയാന്‍ തുടങ്ങിയത്.
ഇതിന് തൊട്ടുമുന്‍പ് തന്റെ ശാരീരികാവസ്ഥയെക്കുറിച്ച് യുവതി സുഹൃത്തിന് സന്ദേശം അയച്ചിരുന്നു. ‘എന്തോ ലഹരി തലയ്ക്ക് പിടിച്ചത് പോലെയുണ്ട്. ഇത് വ്യത്യസ്തമായ എന്തോ മദ്യമാണ് കുടിച്ചിരിക്കുന്നത്. സാധാരണയുള്ള മദ്യമല്ല. ഞാന്‍ ഏറെ അസ്വസ്ഥയാണ്. അയാള്‍ എന്നെ ചുംബിക്കാന്‍ ശ്രമിക്കുന്നു’ എന്നായിരുന്നു യുവതിയുടെ സന്ദേശം. പിന്നീട് ഇടയ്ക്ക് ബോധം വന്നപ്പോള്‍ ബലേഷ് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിക്കുന്നതായിരുന്നു യുവതി കണ്ടത്. നിങ്ങള്‍ കോണ്ടം പോലും ധരിച്ചിട്ടില്ലെന്നും ഇത് കുറ്റകൃത്യമാണെന്നും ബലേഷിനോട് പറഞ്ഞെങ്കിലും അയാള്‍ ബലമായി ലൈംഗികവേഴ്ചയ്ക്ക് ശ്രമിച്ചെന്നും പിന്നീട് തന്റെ ബോധം മറഞ്ഞെന്നും യുവതി പറഞ്ഞിരുന്നു.
പിന്നീട് ബോധം വീണ്ടെടുത്തപ്പോള്‍ വസ്ത്രങ്ങളെല്ലാം ധരിക്കുകയും അവിടെനിന്ന് പോകാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ, വാതില്‍ വരെ നടന്നപ്പോഴേക്കും ഏറെ വേദനയും ബുദ്ധിമുട്ടും അനുഭവപ്പെട്ടെന്നും യുവതി മൊഴി നല്കി. തുടര്‍ന്ന് ബലേഷ് ധന്‍ഖര്‍ തന്നെയാണ് തന്നെ വീട്ടില്‍ കൊണ്ടുവിട്ടത്. ഇവിടെ എത്തിയത് മുതല്‍ യുവതി നിര്‍ത്താതെ കരയുകയും ഛര്‍ദിക്കുകയും ചെയ്തു. ഇതോടെ യുവതിയുടെ കൂടെതാമസിക്കുന്ന സുഹൃത്താണ് പോലീസിനെ വിവരമറിയിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സിഡ്നി ട്രെയിന്‍സില്‍ ലീഡ് ഡാറ്റ വിഷ്വലൈസേഷന്‍ കണ്‍സള്‍ട്ടന്റായിരുന്നു ബലേഷ് ധന്‍ഖര്‍. 2018-ല്‍ ഒട്ടേറെ സ്ത്രീകളെ ചൂഷണംചെയ്ത വേളയിലെല്ലാം ഇയാള്‍ സിഡ്നി ട്രെയിന്‍സിലാണ് ജോലിചെയ്തിരുന്നത്. ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ബലേഷ് ജാമ്യം ലഭിച്ചതിന് പിന്നാലെ മറ്റു ചില വന്‍കിട കമ്പനികളിലും കരാറടിസ്ഥാനത്തില്‍ ജോലിചെയ്തു. പ്രമുഖ ഫാര്‍മസിക്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറും മാധ്യമസ്ഥാപനമായ എ.ബി.സിയുമാണ് ഒരു വര്‍ഷത്തെ കരാറില്‍ ഇയാളെ ജോലിക്ക് നിയമിച്ചത്. 2019 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് ബലേഷ് ഈ കമ്പനികളില്‍ ജോലിചെയ്തിരുന്നത്.
അതിനിടെ, ബലേഷിന്റെ ബി.ജെ.പി. ബന്ധം ആംആദ്മി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ആഗോളസംഘടനയായ ‘ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പി’യുടെ ഓസ്ട്രേലിയയിലെ സ്ഥാപകരില്‍ ഒരാളാണ് ബലേഷ് ധന്‍ഖര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2014-ല്‍ സിഡ്നിയില്‍ ഒരുക്കിയ സ്വീകരണത്തിലും ഇയാള്‍ സജീവസാന്നിധ്യമായിരുന്നു.
അതേസമയം, ബലാത്സംഗക്കേസും മറ്റു വിവാദങ്ങളും ഉയര്‍ന്നുവന്നതോടെ ബലേഷ് ധന്‍ഖര്‍ നേരത്തെ തന്നെ സംഘടനയില്‍നിന്ന് രാജിവെച്ചിരുന്നതായാണ് ഓസ്ട്രേലിയയിലെ ഓവര്‍സീസ് ഫ്രണ്ട്സ് നല്കിയ വിശദീകരണം. 2018 ജൂലായില്‍ ബലേഷ് ധന്‍ഖര്‍ സംഘടനയില്‍നിന്ന് രാജിവെച്ചതാണെന്നും അദ്ദേഹത്തിന്റെ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം നിയമനടപടി നേരിടണമെന്നുമായിരുന്നു ആഴ്ചകള്‍ക്ക് മുന്‍പ് ഓസ്ട്രേലിയ ഓവര്‍സീസ് ഫ്രണ്ട്സ് ട്വീറ്റ് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല