സ്വന്തം ലേഖകന്‍: പന്തില്‍ കൃത്രിമം; ലോകത്തിനു മുന്നില്‍ നാണംകെട്ട് ഓസ്ട്രേലിയന്‍ ക്രിക്കറ്റ്; സംഭവത്തില്‍ മാപ്പു പറഞ്ഞ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് മേധാവി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പന്തി!ല്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ ആരാധകരോടും ദക്ഷിണാഫ്രിക്കന്‍ ടീമിനോടും മാപ്പു പറയുന്നതായി ക്രിക്കറ്റ് ഓസ്ട്രേലിയുടെ മേധാവി വ്യക്തമാക്കി.
ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെ മൂന്നു പേര്‍ക്കു മാത്രമാണു സംഭവത്തില്‍ പങ്കെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തില്‍ 24 മണിക്കൂറിനകം നടപടി പ്രഖ്യാപിക്കുമെന്ന് സിഇഒ ജയിംസ് സതര്‍ലന്‍ഡ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പ്രാഥമികമാണ്. അന്തിമറിപ്പോര്‍ട്ട് പുറത്തുവരാനിരിക്കുന്നതേയുള്ളൂ. പരിശീലകന് ഡാരന്‍ ലീമാനു സംഭവത്തില്‍ പങ്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇദ്ദേഹം ഓസീസ് ടീമിന്റെ പരിശീലക സ്ഥാനത്തു തുടരും.
അതേസമയം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള നാലാം ടെസ്റ്റില്‍ ടിം പെയ്നായിരിക്കും ഓസീസിനെ നയിക്കുക. പന്തു ചുരണ്ടല്‍ വിവാദത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ സ്റ്റീവ് സ്മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍, യുവതാരം കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ ബുധനാഴ്ച തന്നെ ഓസ്ട്രേലിയയിലേക്കു മടങ്ങും. ഇവര്‍ക്കു പകരം മാത്യു റെന്‍ഷ്വാ, ജോയ് ബണ്സ്, ഗ്ലെന്‍ മാക്സ്വെല് എന്നിവരായിരിക്കും ശേഷിക്കുന്ന ടെസ്റ്റ് മത്സരത്തില്‍ കളിക്കുക.
ശനിയാഴ്ച ഫീല്‍ഡിങ്ങിനിടെ ഓസ്ട്രേലിയന്‍ താരം കാമറണ്‍ ബാന്‍ക്രോഫ്റ്റാണു പോക്കറ്റില്‍ കരുതിയ മഞ്ഞനിറത്തിലുള്ള ടേപ് ഉപയോഗിച്ചു പന്തിന്റെ മിനുസം നഷ്ടപ്പെടുത്തിയത്. ടിവി ചാനലുകളില്‍ ദൃശ്യം വന്നതോടെ ക്രിക്കറ്റ് ലോകം പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഓസ്ട്രേലിയ സര്‍ക്കാര്‍ രാജി ആവശ്യപ്പെടുകയായിരുന്നു. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ആസൂത്രിതമായി ഇത്തരമൊരു നീക്കം നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല