സ്വന്തം ലേഖകന്‍: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അമേരിക്കയ്ക്കുള്ള സ്വാതന്ത്ര്യ ദിന സമ്മാനമാണെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. കഴിഞ്ഞ ദിവസം പരീക്ഷിച്ച ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈലിന് ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതായും ഭൗമാന്തരീക്ഷത്തില്‍ തിരികെ പ്രവേശിക്കാകുമെന്നും ഉത്തര കൊറിയന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി അവകാശപ്പെട്ടു.
മിസൈല്‍ പരീക്ഷണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ കിം സുന്ദരനായ ആണ്‍കുട്ടി എന്നാണ് മിസൈലിനെ വിശേഷിപ്പിച്ചിരിക്കുന്നതെന്നും ഉത്തരകൊറിയന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മിസൈല്‍ 28,02 കിലോമീറ്റര്‍ ഉയരത്തില്‍ സഞ്ചരിച്ച ശേഷം 933 കിലോമീറ്റര്‍ അകലെയാണ് പതിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ഉത്തരകൊറിയ അതിന്റെ കരുത്ത് അമേരിക്കയ്ക്ക് കാട്ടിക്കൊടുക്കുമെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ പറഞ്ഞു. ആയുധപരിപാടിയെക്കുറിച്ച് ചര്‍ച്ചക്കില്ലെന്നും കിം വ്യക്തമാക്കി. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ആദ്യമായി പരീക്ഷിച്ചതിനു പിന്നാലെയാണ് കിമ്മിന്റെ പ്രസ്താവന. ചര്‍ച്ചയ്ക്കില്ലെന്ന കിമ്മിന്റെ വാക്കുകള്‍ കൂടുതല്‍ ആയുധപരീക്ഷണങ്ങള്‍ക്ക് ഉത്തരകൊറിയ തയ്യാറെടുക്കുകയാണ് എന്നതിന്റെ സൂചനയാണ്.
കഴിഞ്ഞദിവസം പരീക്ഷിച്ച ഹ്വാസോങ്14 മിസൈലിന് അമേരിക്കയിലെ അലാസ്‌ക വരെയെത്താന്‍ ശേഷിയുണ്ട്. അമേരിക്കയില്‍ എവിടെയുമെത്താന്‍ ശേഷിയുള്ള മിസൈല്‍ വികസിപ്പിക്കാനാണ് ഉത്തര കൊറിയയുടെ ശ്രമം. തങ്ങളുടെ മിസൈല്‍ ലോകത്ത് മുഴുവന്‍ എത്താന്‍ ശേഷിയുണ്ടെന്ന് ഉത്തര കൊറിയ അവകാശപ്പെടുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ മിസൈല്‍ പരീക്ഷണത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല