1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2016

സ്വന്തം ലേഖകന്‍: ലോക ഫുട്‌ബോള്‍ താരത്തിനുള്ള ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലയണല്‍ മെസിക്ക്. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാര ജേതാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ബാഴ്‌സയിലെ കൂട്ടുകാരനും ബ്രസീല്‍ ക്യാപ്റ്റനുമായ നെയ്മര്‍ ജൂനിയറിനെയും പിന്തള്ളിയാണ് മെസി ബാലണ്‍ ദ്യോര്‍ അഞ്ചാംതവണയും സ്വന്തമാക്കിയത്.

2009 മുതല്‍ നാലുവര്‍ഷം തുടര്‍ച്ചയായി സ്വന്തമാക്കിയ ലോക ഫുട്‌ബോളര്‍ പട്ടം മെസിയ്ക്ക് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മെസിയെ തേടിയെത്തിയത്. റൊണാള്‍ഡോയായിരുന്നു 2013 ലും 2014 ലും ബാലണ്‍ ഡി ഓര്‍ നേടിയത്.

2014–15 സീസണില്‍ ബാഴ്‌സലോണയ്ക്ക് ചാമ്പ്യന്‍സ് ലീഗും ക്‌ളബ് ലോകകപ്പുമടക്കം അഞ്ച് കിരീടങ്ങള്‍ നേടിക്കൊടുത്തതാണ് മെസിയെ ലോകതാരമാക്കിയത്. ഈ 28–കാരന്റെ മികവിലാണ് അര്‍ജന്റീന കോപ അമേരിക്ക ഫെനലിലെത്തിയതും. സീസണില്‍ എല്ലാ മത്സരങ്ങില്‍നിന്നുമായി രാജ്യത്തിനും ക്‌ളബ്ബിനും വേണ്ടി 62 ഗോളുകള്‍ മെസി വലയിലെത്തിച്ചു. ബാഴ്‌സയില്‍ നെയ്മര്‍ക്കും ലൂയിസ് സുവാരസിനുമൊപ്പം 180 ഗോളടിച്ച് പുതിയ നേട്ടത്തിലെത്തുകയും ചെയ്തു. 2007 ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവും ബ്രസീല്‍ താരവുമായ കാകയാണ് മെസിക്ക് പുരസ്‌കാരം സമ്മാനിച്ചത്.

അമേരിക്കയെ ലോകകിരീടം ചൂടിച്ച ക്യാപ്റ്റന്‍ കാര്‍ലി ലോയിഡാണ് വനിതകളില്‍ ലോകതാരമായത്. ലോകകപ്പ് ഫൈനലില്‍ ജപ്പാനെ അമേരിക്ക തകര്‍ത്തത് കാര്‍ലിയുടെ ഹാട്രിക്കിലായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരത്തിനുള്ള പട്ടികയിലും കാര്‍ലിയുടെ ലോകകപ്പ് ഫൈനല്‍ ഗോളുകളില്‍ ഒന്ന് ഇടംപിടിച്ചു .ജപ്പാന്‍ താരം അയാ മിയാമയും ജര്‍മനിയുടെ സെലിയ സാസിച്ചുമാണ് വനിതകളുടെ പട്ടികയില്‍ കാര്‍ലിയുടെ ഒപ്പമുണ്ടായിരുന്നത്.

ബ്രസീലിലെ സീരീ ബിയില്‍ വിലാ നോവ ക്‌ളബ്ബിനുവേണ്ടി അതിസുന്ദരന്‍ ബൈസിക്കിള്‍ കിക്കിലൂടെ ഗോള്‍ നേടിയ മുന്നേറ്റക്കാരന്‍ വെന്‍ഡെല്‍ ലിറ പുഷ്‌കാസ് പുരസ്‌കാരത്തിന് ഉടമയായി. കിങ്‌സ് കപ്പ് ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ അഞ്ച് പ്രതിരോധക്കാരെ വെട്ടിച്ച് ബാഴ്‌സയ്ക്കുവേണ്ടി മെസി നേടിയ ഗോളിനെക്കാള്‍ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ വോട്ടുചെയ്തത് ലിറയുടെ ഗോളിനായിരുന്നു.

പുരുഷ ടീമിന്റെ പരിശീലകനുള്ള പുരസ്‌കാരം ബാഴ്‌സലോണയുടെ പരിശീലകന്‍ ലൂയിസ് എന്റിക്വെ നേടി. ജര്‍മന്‍ ടീം ബയേണ്‍ മ്യൂണിക്കിന്റെ പെപ് ഗ്വാര്‍ഡിയോള, ചിലിയെ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാരാക്കിയ ജോര്‍ജ് സാമ്പവോളി എന്നിവരാണ് പട്ടികയിലുണ്ടായത്. വനിതകളില്‍ അമേരിക്കയുടെ പരിശീലക ജില്‍ എല്ലിസ് പുരസ്‌കാരം സ്വന്തമാക്കി. എല്ലിസിന്റെ കീഴിലായിരുന്നു അമേരിക്കയുടെ ലോകകപ്പ് നേട്ടം.

മാനുവല്‍ നൂയര്‍, തിയാഗോ ഡി സില്‍വ, ഫിലിപ് മാഴ്‌സെലോ, സെര്‍ജിയോ റാമോസ്, ഡാനി ആല്‍വേസ്, ആന്ദ്രെ ഇനിയേസ്റ്റ, ലൂകാ മോഡ്രിച്ച്, പോള്‍ പോഗ്ബ, നെയ്മര്‍, ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ ഫിഫ്‌പ്രോ ലോകടീമില്‍ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.