സ്വന്തം ലേഖകന്‍: പാകിസ്താനിലെ ബലൂചിസ്ഥാനില്‍ ഹിതപരിശോധന നടത്തിയാല്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് ബലൂച് നേതാവ്. ബലൂചിസ്ഥാനിലൂടെ കടന്നുപോകുന്ന ചൈനയുടെ പിന്തുണയോടെ നിര്‍മ്മിക്കുന്ന സാമ്പത്തിക ഇടനാഴിയെച്ചൊല്ലി പാക് സര്‍ക്കാരും പ്രദേശവാസികളും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇന്ത്യ അനുകൂല നിലപാടുമായി ബലൂച് നേതാവ് അബ്ദുള്‍ ഹാമീദ് ഖാന്‍ രംഗത്തെത്തിയത്.
പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് കൊണ്ട് സാമ്പത്തിക ഇടനാഴി യാഥാര്‍ത്ഥ്യമാക്കാമെന്ന പാകിസ്താന്റെ തോന്നല്‍ വെറും സ്വപ്നം മാത്രമാണെന്നും അബ്ദുള്‍ ഹാമീദ് ഖാന്‍ പറഞ്ഞു. ബലൂചില്‍ ഹിതപരിശോധന നടന്നാല്‍ ഇന്ത്യയ്ക്ക് അനുകൂലമായി വോട്ട് ചെയ്യും. കാരണം ഇന്ത്യ മാത്രമാണ് ഞങ്ങളെ ഉപദ്രവിക്കാത്തത്.
സാമ്പത്തിക ഇടനാഴിക്കെതിരെ ബലൂചില്‍ പ്രതിഷേധം കൊടുമ്പിരി കൊള്ളുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധം കണക്കിലെടുത്ത് പാക് അധികൃതര്‍ ബലൂചിലേക്ക് അധിക സേനയെ വിന്യസിച്ചിട്ടുണ്ട്. പാക് അധിനിവേശ കശ്മീരിലൂടെയാണ് നിര്‍ദ്ദിഷ്ട ചൈന പാക് സാമ്പത്തിക ഇടനാഴി കടന്നു പോകുന്നത്. അതിനാല്‍ പദ്ധതിയോട് ഇന്ത്യയ്ക്കും എതിര്‍പ്പുണ്ട്.
പാക്കിസ്ഥാനിലൂടെ ചൈന വെട്ടിതെളിക്കുന്ന സാമ്പത്തിക ഇടനാഴി പദ്ധതി തകര്‍ക്കുന്നതിനായാണ് ബലൂചിസ്ഥാനില്‍ ഇന്ത്യ നിരന്തരം ഇടപെടല്‍ നടത്തി കുഴപ്പം സൃഷ്ടിക്കുന്നതെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. സാമ്പത്തിക ഇടനാഴി പാക്കിസ്ഥാനിലൂടെ എത്തി ചേരുന്നത് ബലൂചിസ്ഥാന്‍ തുറമുഖത്താണ്. സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ബലൂചിസ്ഥാന്‍ നിവാസികള്‍ നടത്തി വരുന്ന പ്രക്ഷോഭത്തിന് ഇന്ത്യ വഴിവിട്ട് സഹായം ചെയ്യുകയാണെന്നും പാക്കിസ്ഥാന്‍ വാദിക്കുന്നു.
കല്‍ക്കരിയും പ്രകൃതിവാതകവും മാര്‍ബിളും കൊണ്ട് സമ്പന്നമാണ് ബലൂചിസ്ഥാന്‍ മേഖല. എന്നാല്‍ ഇതെല്ലാം ഊറ്റിയെടുക്കുകയല്ലാതെ സര്‍ക്കാര്‍ തങ്ങള്‍ക്കൊന്നും നല്‍കുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. അഫ്ഗാന്‍, ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണിത്. ജനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടാന്‍ പാകിസ്താന്‍ തന്നെയാണ് തീവ്രവാദികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ തവണ കലാപമുണ്ടായപ്പോള്‍ ഇന്ത്യ അനുകൂല മുദ്രാവാക്യങ്ങളും ബലൂചിസ്ഥാനില്‍ ഉയര്‍ന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല