സ്വന്തം ലേഖകൻ: യുഎസ് സംസ്ഥാനമായ മേരിലാൻഡിലെ തുറമുഖമായ ബാൾട്ടിമോറിൽ നാലുവരിപ്പാലത്തിലിടിച്ച ചരക്കുകപ്പലിന്റെ മാനേജിങ് കമ്പനി മലയാളിയുടേത്. പാലക്കാട് സ്വദേശി ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനർജി മറൈൻ ഗ്രൂപ്പ് ആണു കപ്പലിന്റെ മാനേജിങ് കമ്പനി. സിംഗപ്പൂർ ആസ്ഥാനമായ ഗ്രേസ് ഓഷൻ പ്രൈവറ്റ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ള ചരക്കുകപ്പൽ ‘ഡാലി’യിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്. ഇവരെല്ലാം സുരക്ഷിതരാണെന്നു കമ്പനി അറിയിച്ചു. ലോക പ്രശസ്ത സ്പാനിഷ് ചിത്രകാരൻ സാൽവദോർ ഡാലിയുടെ പേരാണു കപ്പലിന്.
അർധരാത്രിക്കുശേഷമുണ്ടായ അപകടത്തിൽ 2.57 കിലോമീറ്റർ നീളമുള്ള ഫ്രാൻസിസ് സ്കോട് കീ ബ്രിജാണു തകർന്നത്. ഈ സമയം പാലത്തിലുണ്ടായിരുന്ന ഒട്ടേറെ വാഹനങ്ങൾ പുഴയിൽ വീണു. പാലത്തിൽ അറ്റകുറ്റപ്പണിയെടുത്തിരുന്ന ആറു തൊഴിലാളികളും വെള്ളത്തിൽ വീണു. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു. മരണം സ്ഥിരീകരിച്ചു.
പുഴയിൽനിന്നു 2 പേരെ രക്ഷിച്ചു. തുറമുഖം വിട്ട് അരമണിക്കൂറിനകമാണു കപ്പൽ നിയന്ത്രണം വിട്ട് പാലത്തിൽ ഇടിച്ചത്. ഇരുട്ടിൽ പാലം തകർന്നുവീഴുന്ന വിഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പാലത്തിലുള്ള ഒട്ടേറെ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് വെളിച്ചം വിഡിയോയിൽ കാണാം.
രക്ഷാപ്രവർത്തകർക്കു പുറമേ എഫ്ബിഐ അടക്കം അന്വേഷണ ഏജൻസികളും സ്ഥലത്തെത്തി. ചരക്കുകപ്പൽ ‘ഡാലി’ ബാൾട്ടിമോർ തുറമുഖത്തുനിന്നു കൊളംബോയിലേക്കുള്ള യാത്രയിലായിരുന്നു. അപകടത്തിനു പിന്നാലെ ബാൾട്ടിമോർ തുറമുഖം താൽക്കാലികമായി അടച്ചു. തുറമുഖത്തേക്കു കപ്പലുകളുടെ പ്രവേശനം തടഞ്ഞു. തുറമുഖത്തു നിലവിൽ 7 ഏഴു കപ്പലുകളാണുള്ളത്.
തകർന്നുവീഴുന്നതിനു തൊട്ടുമുൻപ് പാലത്തിലേക്കുള്ള ഗതാഗതം തടയാൻ കഴിഞ്ഞതു ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായും പട്ടാപ്സ്കോ നദിയിലൂടെ പാലത്തിനടുത്തേക്കു ഒഴുകിനീങ്ങുന്നതായും കപ്പലിൽനിന്നുള്ള അപായ സന്ദേശം മൂ ഹാർബർ കൺട്രോൾ റൂമിൽ ലഭിച്ചതിനു പിന്നാലെ പൊലീസും കോസ്റ്റ് ഗാർഡും രംഗത്തിറങ്ങുകയായിരുന്നു.
പാലത്തിന്റെ ഇരുവശത്തും ഗതാഗതം തടയുകയും പാലത്തിൽനിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. അർധരാത്രി കഴിഞ്ഞതിനാൽ ഗതാഗതത്തിരക്ക് ഉണ്ടായിരുന്നില്ല. പാലത്തിൽ കുഴികൾ അടയ്ക്കുന്ന ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട 6 പേർ. മുങ്ങൽവിദഗ്ധർ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ പുഴയിൽ തിരച്ചിൽ നടത്തി 2 പേരെ രക്ഷിച്ചു.
യുഎസിലെ 17–ാമത്തെ വലിയ വാണിജ്യതുറമുഖമാണ്. യുഎസിലെ ദേശീയ പാതകളിലൊന്നിലുള്ള പാലം തകർന്നതു ഗതാഗതത്തെ പ്രതികൂലമായി ബാധിക്കും. പാലം ഉടൻ പുനർനിർമിക്കുമെന്ന് മേരിലാൻഡ് ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് സ്ഥലം സന്ദർശിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല