സ്വന്തം ലേഖകന്‍: കറുത്ത വര്‍ഗക്കാരനായ ഫ്രെഡി ഗ്രേയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് അമേരിക്കയിലെ ബാള്‍ട്ടിമോര്‍ നഗരത്തില്‍ തിങ്കളാഴ്ച പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 200 പേരെ പോലീസ് അറസ്റ്റു ചെയ്തു. പോലീസിനെ ആക്രമിക്കുകയും നിരവധി കടകളും ബിസിനസ് സ്ഥാപനങ്ങളും കൊള്ളയടിക്കുകയും ചെയ്ത ആള്‍ക്കൂട്ടത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായത്.
നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ 15 പോലീസുകാര്‍ക്കു പരിക്കേറ്റു. 144 വാഹനങ്ങള്‍ കലാപകാരികള്‍ അഗ്‌നിക്കിരയാക്കി.
ക്രമസമാധാന നില വഷളായതോടെ ബാള്‍ട്ടിമോറില്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കാന്‍ മേരിലാന്‍ഡ് ഗവര്‍ണര്‍ ഉത്തരവിട്ടു. 5000 ത്തോളം ഗാര്‍ഡുകളെ ഉടന്‍ തന്നെ വിന്യസിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒരാഴ്ചത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.
വെസ്റ്റ് ബാള്‍ട്ടിമോറിലെ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. കറുത്ത വംശജന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കയിലെ ഫെര്‍ഗൂസനില്‍ കഴിഞ്ഞ വര്‍ഷം പൊട്ടിപ്പുറപ്പെട്ട കലാപത്തിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ കലാപമാണിത്. കറുത്തവംശജനായ ഫ്രെഡി ഗ്രേയെ പോലീസ് ഈ മാസം 12 നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴായിരുന്നു അറസ്റ്റ്. വിലങ്ങുവച്ച് സീറ്റ് ബെല്‍ട്ടിടാതെ വാനില്‍ കയറ്റിക്കൊണ്ടുപോയ ഗ്രേക്ക് പോലീസ് കസ്റ്റഡിയില്‍ നട്ടെല്ലിനു പരിക്കേറ്റു. തുടര്‍ന്ന് ഒരാഴ്ചയോളം അബോധാവസ്ഥയില്‍ കിടന്ന ശേഷമാണ് ഗ്രേ 19 ന് മരിച്ചത്.
തിങ്കളാഴ്ച ഗ്രേയുടെ ശവസംസ്‌കാരത്തിനുശേഷം വിദ്യാര്‍ഥികള്‍ ആരംഭിച്ച പ്രകടനം അക്രമാസക്തമായി. തുടര്‍ന്ന് ജനക്കൂട്ടം കൊള്ളയും കൊള്ളിവപ്പും തുടങ്ങുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല