സ്വന്തം ലേഖകന്‍: അമേരിക്കയിലെ ബാള്‍ട്ടിമൂറില്‍ കറുത്ത വര്‍ഗക്കാരന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്നു കലാപം വ്യാപിക്കുന്നു. പ്രതിഷേധം ശക്തമായതോടെ പ്രക്ഷോഭകര്‍ പോലീസുമായി നടത്തിയ ഏറ്റുമുട്ടലില്‍ 15 പൊലീസുകാര്‍ക്കു പരുക്കേറ്റു.
കലാപകാരികളില്‍ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാര്‍ കടകള്‍ കൊള്ളയടിക്കുകയും വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
പോലീസിന്റെ ആക്രമണത്തില്‍ മരിച്ച ഫ്രെഡി ഗ്രേയുടെ ശവസംസ്‌കാരത്തിനു ശേഷമാണു നഗരത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മേഖലയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി നഗരത്തിലെങ്ങും പൊലീസിനെ വിന്യസിച്ചിട്ടുമുണ്ട്.
ആഫ്രിക്കന്‍ വംശജനാണ് പൊലീസ് മര്‍ദനത്തെ തുടര്‍ന്നു മരിച്ച ഫ്രെഡി ഗ്രേ. മര്‍ദ്ദനത്തില്‍ നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ യുവാവ് ഒരാഴ്ചയോളം അബോധാവസ്ഥയില്‍ ആയിരുന്നു. സംഭവത്തെക്കുറിച്ച് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ആറ് പൊലീസ് ഉദ്യോഗസ്ഥരെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല