1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2024

സ്വന്തം ലേഖകൻ: തൊഴില്‍ വീസയില്‍ രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ബിസിനസ് ഉടമസ്ഥാവകാശമോ പങ്കാളിത്തമോ പാടില്ലെന്ന വാണിജ്യ മന്ത്രാലയത്തിന്‍റെ തീരുമാനം കുവൈത്തിലെ 10,000ത്തിലേറെ പ്രവാസികളെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്‍റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പുതിയ നിയമഭേദഗതി, 45,000ത്തിലേറെ വാണിജ്യ ലൈസന്‍സുകളെ ബാധിക്കുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആര്‍ട്ടിക്കിൾ 18 പ്രകാരമുള്ള തൊഴില്‍ വീസയിലുള്ളവര്‍ ഉടമകളോ പങ്കാളികളോ ആയ ബിസിനസ് സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍, രജിസ്‌ട്രേഷന്‍ പുതുക്കല്‍ എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവച്ചു കൊണ്ട് വാണിജ്യ വ്യവസായ മന്ത്രാലയം നേരത്തേ തീരുമാനം കൈക്കൊണ്ടിരുന്നു. ഒരു വ്യക്തി തൊഴിലാളിയും തൊഴിലുടമയും ആകുന്നത് നിയമപരമായി ശരിയല്ലെന്നാണ് മന്ത്രാലയത്തിന്‍റെ നിലപാട്.

അതേസമയം, നിലവില്‍ ഏതെങ്കിലും ബിസിനസ് സ്ഥാപനത്തിന്‍റെ ഉടമയോ പങ്കാളിയോ ആയിട്ടുള്ള പ്രവാസി തൊഴിലാളികള്‍ക്ക് തങ്ങളുടെ വീസ ആര്‍ട്ടിക്ക്ള്‍ 18 വീസയില്‍ നിന്ന് ആര്‍ട്ടിക്കിൾ 19 വീസയിലേക്ക് മാറുന്നതിലൂടെ വാണിജ്യ രജിസ്‌ട്രേഷന്‍ നിലനിര്‍ത്താനാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കുമുള്ള വീസയാണ് ആര്‍ട്ടിക്കള്‍ 19 വീസകള്‍. നിബന്ധനകള്‍ക്കു വിധേയമായി ഈ വീസയിലേക്ക് മാറുകയോ അല്ലെങ്കില്‍ തങ്ങളുടെ ബിസിനസ് സ്ഥാപനത്തിലെ ഓഹരി വില്‍പ്പന നടത്തുകയോ ചെയ്യേണ്ടിവരുമെന്നാണ് അധികൃതരുടെ പക്ഷം.

ആര്‍ട്ടിക്കിള്‍ 18 പ്രകാരം വര്‍ക്ക് പെര്‍മിറ്റ് കൈവശം വച്ചിരിക്കുന്ന ഏകദേശം 10,000 പ്രവാസികള്‍ക്ക് പാര്‍ട്ണര്‍ അല്ലെങ്കില്‍ മാനേജിങ് പാര്‍ട്ണര്‍ പദവിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവര്‍ക്ക് ഏകദേശം 45,000 ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ട്. പുതിയ നിയമഭേദഗതിയുടെ അടിസ്ഥാനത്തില്‍ ഇവയെല്ലാം സസ്‌പെൻഡ് ചെയ്തിരിക്കുകയാണിപ്പോള്‍.

പൗരന്മാരല്ലാത്ത താമസക്കാര്‍ ബിസിനസ് പങ്കാളികളോ നിക്ഷേപകരോ ആകുന്നതില്‍ നിന്ന് എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങള്‍ തടയുന്നില്ല. എന്നാല്‍ തൊഴിലുടമയ്ക്ക് വേണ്ടി ജോലി ചെയ്യുന്ന പ്രവാസികളെ പങ്കാളികളായി ലിസ്റ്റ് ചെയ്യുന്നത് നിയമപരമായി തെറ്റാണെന്നും അധികൃതര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ 18 വീസയിലുള്ളവര്‍ ബിസിനസ് പങ്കാളികളായ കേസുകളില്‍ പല പ്രവാസികളും അവരുടെ വര്‍ക്ക് പെര്‍മിറ്റ് പ്രകാരമുള്ള ജോലികള്‍ ചെയ്യാതിരിക്കുന്ന സംഭവങ്ങള്‍ നിരവധിയാണെന്നും അത് തൊഴില്‍ നിയമത്തിന്‍റെ ലംഘനമാണെന്നും മാന്‍ പവര്‍ അതോറിറ്റി അഭിപ്രായപ്പെട്ടു. ഇവര്‍ക്ക് നിക്ഷേപക വീസയിലേക്ക് മാറാനോ ബിസിനസ് ഓഹരികള്‍ വില്‍ക്കാനോ ഗ്രേസ് പിരീഡ് അനുവദിക്കാനും തീരുമാനമുണ്ട്. എന്നാല്‍ ഇതിന്‍റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.