1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2023

സ്വന്തം ലേഖകൻ: മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2027-ഓടെ ഡീസല്‍ കാറുകള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ സമിതി. ഡീസല്‍ ഇന്ധനമായി ഉപയോഗിക്കുന്ന നാലുചക്ര വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ എനര്‍ജി ട്രാന്‍സിഷന്‍ അഡൈ്വസറി കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്. മുന്‍ പെട്രോള്‍ സെക്രട്ടറി തരുണ്‍ കപൂര്‍ നേതൃത്വത്തിലുള്ള പാനലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

എന്നാല്‍, പ്രധാനമായും നഗരപരിധിയിലുള്ള ഡീസല്‍ വാഹനങ്ങളെയായിരിക്കും ഇത് പ്രധാനമായും ബാധിക്കുക. പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലായിരിക്കും ഡീസല്‍ വാഹനങ്ങളുടെ നിരോധനം നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തില്‍ മലിനീകരണം കൂടുതലുള്ള നഗരങ്ങളില്‍ ഡീസല്‍ കാറുകള്‍ക്കും വാഹനങ്ങള്‍ക്കും പകരം ഇലക്ട്രിക് അല്ലെങ്കില്‍ സി.എന്‍.ജി. ഇന്ധനമായുള്ള വാഹനങ്ങള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശത്തിലുള്ളത്.

ഡീസല്‍ ഇന്ധനമായ നാലുചക്ര വാഹനങ്ങളുടെ നിരോധനം അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉറപ്പാക്കണമെന്നും നഗരപ്രദേശങ്ങളില്‍ ഡീസല്‍ ബസുകള്‍ ഉപയോഗിക്കുന്നത് വിലക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. 2030-ഓടെ സിറ്റി സര്‍വീസുകള്‍ക്കായി ഇലക്ട്രിക് ബസുകള്‍ മാത്രമേ എത്തുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനൊപ്പം 2024-ല്‍ തന്നെ ഡീസല്‍ ബസുകള്‍ അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്നും ഈ സമിതിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്.

ഡീസല്‍ ഇന്ധനമാക്കിയുള്ള വാഹനങ്ങള്‍ക്ക് പകരം ചരക്ക് ഗതാഗതം ഉള്‍പ്പെടെയുള്ളവയ്ക്ക് റെയില്‍വേ സംവിധാനങ്ങളേയും സി.എന്‍.ജി. ഇന്ധനമായി ഉപയോഗിക്കുന്ന ട്രക്കുകളെയും ആശ്രയിക്കണം. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ 10 മുതല്‍ 15 വര്‍ഷത്തിനുള്ളില്‍ ഡീസലില്‍ നിന്ന് ഇലക്ട്രിക്കിലേക്കോ, സി.എന്‍.ജിയിലേക്കോ മാറണം. അതുപോലെ റെയില്‍വേ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും വൈദ്യുതിയിലാകുമെന്നാണ് സമിതി വിലയിരുത്തുന്നത്.

നിലവില്‍ 6.2 ശതമാനം സി.എന്‍.ജി. വാഹനങ്ങളാണ് ഇന്ത്യയിലുള്ളത്. 2030-ഓടെ ഇത് 15 ശതമാനമാക്കി ഉയര്‍ത്തുകയാണ് രാജ്യത്തിന്റെ പ്രധാനലക്ഷ്യം. രണ്ട് മാസത്തേക്ക് വരെ ഉപയോഗിക്കാനുള്ള സി.എന്‍.ജി. സംഭരിച്ച് വയ്ക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഒരുക്കണം. 2020-2050 കാലയളവില്‍ സി.എന്‍.ജിയുടെ ആവശ്യകത 9.78 ശതമാനം വര്‍ധിക്കുമെന്ന കണക്കുകൂട്ടലിനെ തുടര്‍ന്നാണ് സി.എന്‍.ജി. സംഭരണ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് സമിതി നിര്‍ദേശിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.